ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരെയാണ് സ്പിൻ ബൗളര്‍മാരായി സെലക്ടര്‍മാര്‍ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറിനെ ഒഴിവാക്കിയ സെലക്ടർമാരുടെ തീരുമാനം ഞെട്ടിച്ചുവെന്ന് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. കരിയറിന്‍റെ തുടക്കത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും 24-കാരനായ താരത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സോണി സ്പോർട്സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് വ്യക്തമാക്കി.

ശ്രീലങ്കൻ പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സുതാർ, കളിച്ച ആദ്യ 3 ടെസ്റ്റുകളിൽ നിന്നായി 23 വിക്കറ്റുകൾ വീഴ്ത്തുകയും ലോവര്‍ ഓര്‍ഡര്‍ ബാറ്ററെന്ന നിലയില്‍ 79 റൺസ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരെയാണ് സ്പിൻ ബൗളര്‍മാരായി സെലക്ടര്‍മാര്‍ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടീം പ്രഖ്യാപനം കണ്ടപ്പോൾ താൻ സത്യത്തിൽ ഞെട്ടിപ്പോയെന്ന് മുരളി കാര്‍ത്തിക് പറഞ്ഞു. സമീപകാലത്ത് നമ്മുടെ ഏറ്റവും മികച്ച കണ്ടെത്തലാണ് മാനവ് സുതാർ. അശ്വിന് ശേഷം ടെസ്റ്റ് മത്സരങ്ങൾക്ക് അനുയോജ്യനായ ഒരു ബൗളറെ നമ്മൾ തിരയുകയായിരുന്നു. ബാറ്റിംഗിൽ സംഭാവന നൽകാൻ കഴിവുള്ള സുതാർ, ഏറ്റവും പ്രധാനമായി ടെസ്റ്റ് പരമ്പരകളിൽ വിക്കറ്റെടുക്കുന്നതിൽ വലിയ സ്ഥിരത പുലർത്തിയ ബൗളറാണെന്നും മുരളി കാർത്തിക് പറഞ്ഞു. ഒരു അധിക കളിക്കാരനെക്കൂടി ടീമിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലായിരുന്നുവെന്നും, കുൽദീപ് യാദവിനെപ്പോലെ വിക്കറ്റെടുക്കാൻ ശേഷിയുള്ള സുതാറിനെ ഒഴിവാക്കിയതിന്‍റെ യുക്തി മനസിലാകുന്നില്ലെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍‍ഡ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക