ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്‍റില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടസമായി ഓടിയെത്തിയ സഹതാരത്തെ തല്ലാനോങ്ങി ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം. ടൂര്‍ണമെന‍റില്‍ ബെക്സിംകോ ധാക്ക ടീമിന്‍റെ നായകനാണ് മുഷ്ഫീഖുര്‍. ഫോര്‍ച്യൂണ്‍ ബരിഷാളിനെതിരായ ആവേശകരമായ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്.

ബരിഷാള്‍ ഇന്നിംഗ്സിലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അഫിഫ് ഹുസൈന്‍ ഉയര്‍ത്തിയടിച്ച പന്ത് ക്യാച്ചെടുക്കാനായി വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തിയതായിരുന്നു മുഷ്ഫീഖുര്‍. എന്നാല്‍ സഹതാരമായ നാസും ഇത് കാണാതെ ക്യാച്ചെടുക്കാനായി ഓടി. രണ്ടുപേരും കൂട്ടിയിടിയുടെ വക്കെത്തെത്തിയെങ്കിലും മുഷ്ഫീഖുര്‍ ക്യാച്ച് പൂര്‍ത്തിയാക്കി.

ക്യാച്ചെടുത്തശേഷമായിരുന്നു പ്രകോപിതനായ മുഷ്ഫീഖുര്‍ നാസുമിനെ തല്ലാനായി കൈയോങ്ങിയത്. പിന്നീട് നാലുമിനെ മുഷ്ഫീഖുര്‍ ചീത്ത വിളിക്കുന്നതും കാണാം. മറ്റ് താരങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബെക്സിംകോ ധാക്ക 20 ഓവറില്‍ എട്ട് വിക്കറ്റിന് 150 റണ്‍സെടുത്തപ്പോള്‍ ബരിഷാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.