ധാക്ക: ബംഗ്ലാദേശിന്റെ പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫീഖുര്‍ റഹീം പിന്‍മാറി. ഫോണില്‍ വിളിച്ചാണ് പാക്കിസ്ഥാന്‍ പര്യടനത്തിനില്ലെന്ന് മുഷ്ഫീഖുര്‍ റഹീം അറിയിച്ചതെന്ന് ബംഗ്ദാദേശ് ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ മിനാജുള്‍ അബീദിന്‍ പറഞ്ഞു. പാക് പര്യടനത്തിനുള്ള ബംഗ്ലദേശ് ടീമിനെ രമ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അബീദിന്‍ പറഞ്ഞു. പിന്‍മാറ്റത്തിന്റെ കാരണം മുഷ്ഫീഖുര്‍ വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥെതിരെ മൂന്ന് ടി20 മത്സരങ്ങളിലും രണ്ട് ടെസ്റ്റിലും ഒരു ഏകദിന മത്സരത്തിലുമാണ് ബംഗ്ലാദേശ് കളിക്കുന്നത്.

ഐസിസി വിലക്ക് നേരിടുന്ന സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന്റെ അഭാവത്തില്‍ മുഷ്ഫീഖുറിന്റെ പിന്‍മാറ്റം ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ്. പാക്കിസ്ഥാന്‍ ഒരു മത്സരം ബംഗ്ലാദേശില്‍ കളിക്കണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ത്ഥന പാക് ബോര്‍ഡ് തള്ളിയതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലേക്കില്ലെന്ന് ബംഗ്ലാദേശ് ടീം ആദ്യം നിലപാടെടുത്തിരുന്നു. എന്നാല്‍ പിന്നീട് സമ്പൂര്‍ണ പരമ്പരക്ക് ബംഗ്ലാദേശ് തയാറാവുകയായിരുന്നു.

2009ല്‍ ശ്രീലങ്കന്‍ ടീമിനു നേരെ നടന്ന ലാഹോര്‍ ഭീകാരക്രണത്തിനുശേഷം സുരക്ഷാ കാരണങ്ങളാല്‍ മറ്റ് രാജ്യങ്ങളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയാണ് പാക്കിസ്ഥാനില്‍ പര്യടനം നടത്തിയ ആദ്യ ടീം. ബംഗ്ലാദേശ് കൂടി എത്തുന്നതോടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പതുക്കെ പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നാണ് പാക് ബോര്‍ഡിന്റെ പ്രതീക്ഷ.