ക്യാപ്റ്റന്‍ സഞ്ജു സാംസണും സല്‍മാന്‍ നിസാറും അടങ്ങിയ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയപ്പോള്‍ 27 റണ്‍സെടുത്ത ജലജ് സക്സേനയാണ് കേരളത്തിന്‍റെ ടോപ് സ്കോററായത്.

ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രക്കെതിരെ കേരളത്തിന് കനത്ത തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കേരളം 18.1 ഓവറില്‍ 87 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 88 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര 13 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ശ്രീകര്‍ ഭരതാണ് ആന്ധ്രയുടെ ടോപ് സ്കോറര്‍. കേരളത്തിനായി ജലജ് സക്സേന 3 വിക്കറ്റെടുത്തു. സ്കോര്‍ കേരളം 18.1 ഓവറില്‍ 87ന് ഓള്‍ ഔട്ട്. ആന്ധ്ര 13 ഓവറില്‍ 88-4.

തോല്‍വിയോടെ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കും കനത്ത തിരിച്ചടിയേറ്റു. കേരളത്തെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് ഇയില്‍ 20 പോയന്‍റുമായി ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ വ്യാഴാഴ്ച നടക്കുന്ന ആന്ധ്ര-മുംബൈ മത്സരം കേരളത്തിന് നിര്‍ണായകമായി. ഈ മത്സരത്തില്‍ മുംബൈ ജയിച്ചാല്‍ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്താവും.

'അന്ന് വിവാഹത്തിന് തൊട്ടടുത്തെത്തി, പക്ഷ..' ഇപ്പോഴും സിംഗിളായി തുടരാനുള്ള കാരണം വെളിപ്പെടുത്തി മിതാലി രാജ്

കേരളം ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആന്ധ്രയുടെ ഓപ്പണര്‍ അശ്വിന്‍ ഹെബ്ബാറിനെൾ(12) വീഴ്ത്തി എം ഡി നിധീഷ് പ്രതീക്ഷ നല്‍കിയെങ്കിലും ശ്രീകര്‍ ഭരത് തകര്‍ത്തടിച്ചതോടെ ആന്ധ്ര അതിവേഗം ലക്ഷ്യത്തോട് അടുത്തു. എട്ടാം ഓവറില്‍ ജലജ് സക്സേന മൂന്ന് പന്തുകളുടെ ഇടവേളയില്‍ എസ് കെ റഷീദിനെയും(5) അവിനാശ് പൈലയെയും(0) വീഴ്ത്തിയെങ്കിലും റിക്കി ഭൂയി(15 പന്തില്‍14) ആന്ധ്രയെ വിജയത്തിന് അടുത്തെത്തിച്ചു. റിക്കി ഭൂയിയെ കൂടി പുറത്താക്കി ജലജ് മൂന്ന് വിക്കറ്റുമായി തിളങ്ങിയെങ്കിലും അപരാജിത അര്‍ധസെഞ്ചുറിയുമായി ശ്രീകര്‍ ഭരത്(33 പന്തില്‍ 56*) ആന്ധ്രയെ വിജയവര കടത്തി. കേരളത്തിനായി ജലജ് സക്സേന 13 റണ്‍സിന് 3 വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 18.1 ഓവറില്‍ 87 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണും സല്‍മാന്‍ നിസാറും അടങ്ങിയ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയപ്പോള്‍ 27 റണ്‍സെടുത്ത ജലജ് സക്സേനയാണ് കേരളത്തിന്‍റെ ടോപ് സ്കോററായത്. എട്ടാമനായി ഇറങ്ങി 18 റണ്‍സടിച്ച അബ്ദുള്‍ ബാസിത് ആണ് കേരളത്തിന്‍റെ രണ്ടാമത്തെ ടോപ് സ്കോറര്‍. വാലറ്റത്ത് അബ്ദുള്‍ ബാസിത്തിനൊപ്പം എം ഡി നിധീഷും (13 പന്തില്‍ 14) കേരളത്തിനായി പൊരുതി. ആന്ധ്രക്കായി കെ വി ശശികാന്ത് മൂന്നും സുദര്‍ശന്‍, വിനയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും ചേർന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും നാലാം ഓവറിലെ രണ്ടാം പന്തില്‍ രോഹന്‍ കുന്നുമൽ(9) വീണതോടെ കേരളത്തിന്‍റെ തകര്‍ച്ച തുടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ജലജ് സക്സേന തകര്‍ത്തടിച്ചെങ്കിലും പവര്‍ പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെയും(12 പന്തില്‍ 7), രണ്ടാം പന്തില്‍ മുഹമ്മദ് അസറുദ്ദീനെയും(0) മടക്കിയ ശശികാന്ത് കേരളത്തിന് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ കേരളം ബാക്ക് ഫൂട്ടിലായി.

അണ്ടര്‍ 19 ഏഷ്യാ കപ്പ്: ജപ്പാനെതിരെ പടുകൂറ്റൻ ജയവുമായി ഇന്ത്യൻ യുവനിര, ക്യാപ്റ്റൻ മുഹമ്മദ് അമാന് സെഞ്ചുറി

എട്ടാം ഓവറില്‍ സല്‍മാന്‍ നിസാര്‍(3) മടങ്ങുമ്പോള്‍ കേരളം 50 കടന്നിട്ടുണ്ടായിരുന്നില്ല. വിഷ്ണു വിനോദ്(1) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തപ്പോള്‍ സ്കോര്‍ 50 കടന്നതിന് പിന്നാലെ വിനോദ് കുമാറിനെ (3) പുറത്താക്കി വിനയ് കേരളത്തെ കൂട്ടത്തകര്‍ച്ചയിലാക്കി. പൊരുതി നിന്ന ജലജ് സക്സേന(27) റണ്ണൗട്ടായതോടെ കേരളത്തിന്‍റെ അവസാന പ്രതീക്ഷയും അവസാനിക്കുകായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക