ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്കിന് പകരക്കാരനായാണ് താരം ടീമിലെത്തിയത്. 29 കാരനായ മുസ്തഫിസുറിനെ ആറ് കോടിക്കാണ് ക്യാപിറ്റല്‍സ് തിരിച്ചെത്തിച്ചത്.

ദില്ലി: ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടീമില്‍ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ ഉള്‍പ്പെടുത്തി. മെയ് 17 ന് പുനരാരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്കിന് പകരക്കാരനായാണ് ഇടംകൈയ്യന്‍ ബൗളര്‍ ടീമിലെത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഫ്രേസര്‍-മക്ഗുര്‍ക്ക് ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് 29 കാരനായ മുസ്തഫിസുറിനെ ആറ് കോടിക്ക് ക്യാപിറ്റല്‍സ് തിരിച്ചെത്തിച്ചത്. ഇതുവരെ 57 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച മുസ്തഫിസുര്‍ 8.14 എന്ന ഇക്കണോമി റേറ്റില്‍ 61 വിക്കറ്റുകള്‍ വീഴ്ത്തി.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ താരം സ്വന്തമാക്കി. ഒരു മത്സരത്തില്‍ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ നിലനിര്‍ത്തിയില്ല. ഇത്തവണ മെഗാ താരലേലത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ആരും ടീമിലെത്തിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. അതേസമയം മുമ്പ് രണ്ട് സീസണുകളില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്നു താരം. 2022, 2023 സീസണുകളിലാണ് താരം ഡല്‍ഹിക്ക് വേണ്ടി കളിച്ചത്.

2015ലാണ് മുസ്തഫിസുര്‍ ബംഗ്ലാദേശിനായി അരങ്ങേറിയത്. ഇതുവരെ വിവിധ ടി20 ലീഗുകളിലായി 281 മത്സരങ്ങളില്‍ നിന്ന് 351 വിക്കറ്റുകള്‍ നേടി. ഈ വര്‍ഷം തുടക്കത്തില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ 12 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തി. ധാക്ക ക്യാപിറ്റലിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറും മുസ്തഫിസുറായിരുന്നു. ഫ്രേസര്‍-മക്ഗുര്‍ക്കിനെ സംബന്ധിച്ചിടത്തോളം, ആറ് മത്സരങ്ങളില്‍ നിന്ന് 9.16 ശരാശരിയില്‍ 55 റണ്‍സ് മാത്രമാണ് താരം നേടിയത്. 38 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി. 11 മത്സരങ്ങളില്‍ ആറ് വിജയങ്ങള്‍ സ്വന്തമാക്കിയി ടീമിന് 13 പോയിന്റാണുള്ളത്. +0.362 നെറ്റ് റണ്‍റേറ്റാണ് ഡല്‍ഹിക്കുള്ളത്. തുടര്‍ച്ചയായി നാല് വിജയങ്ങളുമായി തുടങ്ങിയ അക്‌സര്‍ പട്ടേലിന്റെ ടീമിന് പിന്നീട് ആ മികവ് നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. മെയ് 18 ഞായറാഴ്ച ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ക്യാപിറ്റല്‍സിന്റെ അടുത്ത മത്സരം. ജയിച്ചാല്‍ ആദ്യ നാലില്‍ തിരിച്ചെത്താന്‍ അവര്‍ക്ക് സാധിക്കും.