സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ സമ്മാനിച്ചത് സ്റ്റീവ് സ്മിത്തിന്‍റെ സെഞ്ചുറിയായിരുന്നു. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്മിത്ത് അടിച്ചു തകര്‍ത്തപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ലൈനും ലെംഗ്ത്തുമറിയാതെ പാടുപെട്ടു. സ്മിത്തിന്‍റെ കണ്ണും പൂട്ടിയയുള്ള അടിയില്‍ ഓസീസ് സ്കോര്‍ 338ല്‍ എത്തുകയും ചെയ്തു.

ഓസീസ് 350 കടക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ലെഗ് സൈഡില്‍ നിന്നുള്ള ജഡേജയുടെ ബുള്ളറ്റ് ത്രോയില്‍ സ്മിത്ത് റണ്ണൗട്ടായത്. ലെഗ് സൈഡില്‍ നിന്ന് ഓടിയെത്തിയ ജഡേജ സ്മിത്തിന്‍റെ രണ്ടാം റണ്ണിനായുള്ള ശ്രമം തകര്‍ത്തതിനൊപ്പം ഓസീസ് ഇന്നിംഗ്സിനും തിരശീലയിട്ടിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറായി വിലയിരുത്തപ്പെടുന്ന ജഡേജ, സ്മിത്തിനെ റണ്ണൗട്ടാക്കിയ ത്രോ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ത്രോ ആണെന്ന് രണ്ടാം ദിനത്തിലെ കളിക്കുശേഷം പറഞ്ഞു.

ഞാനീ റണ്ണൗട്ട് വീണ്ടും വീണ്ടും കാണും. കാരണം ഇതെന്‍റെ ഏറ്റവും മികച്ച ത്രോയാണ്. 30വാര സര്‍ക്കിളിന് പുറത്തുനിന്നുള്ള ഡയറക്ട് ഹിറ്റില്‍ റണ്ണൗട്ടാക്കുക, അതും കളിയിലെ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍, വലിയ സംതൃപ്തിയാണ് നല്‍കുന്നത്. മത്സരത്തില്‍ നാലു വിക്കറ്റെടുത്തതാണോ റണ്ണൗട്ടാണോ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് നാലു വിക്കറ്റെടുത്തത് കാണുമെങ്കിലും ഈ റണ്ണൗട്ട് വളരെ സ്പെഷലാണെന്ന് ജഡേജ പറഞ്ഞു.

കാരണം അതെന്‍റെ കരിയറിലെതന്നെ ഏറ്റവും മികച്ചതാണ്. അതുകൊണ്ടുതന്നെ അതെല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ടാകും. മത്സരത്തില്‍ 62 റണ്‍സ് വഴങ്ങിയാണ് ജഡേജ നാലു വിക്കറ്റെടുത്തത്. ലാബുഷെയ്ന് സെഞ്ചുറി നിഷേധിച്ച് 91 റണ്‍സില്‍ നില്‍ക്കെ സ്ലിപ്പില്‍ രഹാനെയുടെ കൈകകളിലെത്തിച്ചതും ജഡേജയയാിരുന്നു.