മത്സരത്തില്‍ 52 പന്തില്‍ 65 റണ്‍സടിച്ച ജഗദീശനായിരുന്നു തമിഴ്നാടിന്‍റെ ടോപ് സ്കോററായത്.
വഡോദര: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ ലോക റെക്കോര്‍ഡിട്ട് തമിഴ്നാട് ഓപ്പണര്‍ എന്‍ ജഗദീശന്‍. രാജസ്ഥാനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒരോവറില്‍ ഒരു സിക്സ് പോലും പറത്താതെ 29 റൻ്‍സടിച്ചാണ് ജഗദീശൻ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററായത്.
രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്‌നാടിനായി ഓപ്പണറായി ഇറങ്ങിയ ജഗദീശന്‍ അമന്‍ സിംഹ് ഷെഖാവത്ത് എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാം ഓവറിലാണ് 29 റണ്‍സടിച്ചത്. അമന്‍ സിംഗ് ഷെഖാവത്തിന്‍റെ ആദ്യ പന്ത് വൈഡ് ബൗണ്ടറിയായി. ഇതിലൂടെ അഞ്ച് റണ്‍സ് സ്വന്തമാക്കിയതിന് പിന്നാലെ പിന്നീട് തുടര്‍ച്ചയായ ആറ് പന്തുകളും ബൗണ്ടറി കടത്തിയ ജഗദീശന്‍ 29 റണ്‍സാണ് രണ്ടാം ഓവറില്‍ അടിച്ചെടുത്തത്. ഒരു സിക്സ് പോലും പറത്താതെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് ഇതോടെ ജഗദീശന്‍റെ പേരിലായത്.
മത്സരത്തില്‍ 52 പന്തില്‍ 65 റണ്‍സടിച്ച ജഗദീശനായിരുന്നു തമിഴ്നാടിന്‍റെ ടോപ് സ്കോററായത്. കഴിഞ്ഞ ഐപിഎല്‍ താരേലലത്തില്‍ പങ്കെടുത്തെങ്കിലും ജഗദീശനെ ആരും ടീമിലെടുത്തിരുന്നില്ല. തന്‍റെ ആദ്യ ഓവറില്‍ 29 റണ്‍സ് വഴങ്ങിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന അമന്‍ സിംഗ് ഷെഖാവത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ജഗദീശന് പുറമെ വിജയ് ശങ്കര്‍(49), ബാബാ ഇന്ദ്രജിത്(37) എന്നിവര്‍ മാത്രമാണ് തമിഴ്നാടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 47.3 ഓവറില്‍ 267 റണ്‍സിന് പുറത്തായപ്പോള്‍ തമിഴ്നാടിന് 47.1 ഓവറില്‍ 248 റണ്‍സെ നേടാനായുള്ളു. ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ വിദര്‍ഭയാണ് രാജസ്ഥാന്‍റെ എതിരാളികൾ.
