കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ 48-ാം പിറന്നാളായിരുന്നു ഇന്നലെ. ക്രിക്കറ്റ് ലോകവും  ആരാധകരും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദക്ക് ആശംസകള്‍ അറിയിച്ചപ്പോള്‍ കൂട്ടത്തല്‍ വേരിട്ടുനിന്നത് തെന്നിന്ത്യന്‍ നടിയായിരുന്ന നഗ്മയുടെ പിറന്നാള്‍ ആശംസയായിരുന്നു. വൈകുന്നേരത്തോടെയാണ് ട്വീറ്ററിലൂടെ നഗ്മ ഗാംഗുലിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ഗോസിപ്പുകള്‍ എക്കാലത്തും ആരാധകരുടെ ഇഷ്ടവിഷയമാണ്. അത്തരത്തില്‍ ഒരുകാലത്ത് ഗോസിപ്പുകളില്‍ നിറഞ്ഞുനിന്നവരായിരുന്നു ഗാംഗുലിയും നഗ്മയും. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് മുമ്പ് ഒരു അഭിമുഖത്തില്‍ നഗ്മയോട് ചോദിച്ചപ്പോള്‍ നടി ഇത് നിഷേധിച്ചിരുന്നില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആരും ഒന്നും നിഷേധിച്ചിട്ടില്ലല്ലോ. ഇരുവരുടെയും ജീവിതത്തില്‍ മറ്റെയാളുടെ സാന്നിധ്യം നിഷേധിക്കാത്തിടത്തോളം കാലം ആര്‍ക്കും എന്തും പറയാം എന്നായിരുന്നു അന്ന് നഗ്മയുടെ മറുപടി.

കരിയറിനെ ബാധിക്കുന്ന ഘട്ടം വന്നു, മറ്റ് പലകാരണങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് ഒരാള്‍ വഴി പിരിയേണ്ടിവന്നതെന്നും നഗ്മ പറഞ്ഞിരുന്നു. പിന്നീട് തന്റെ ബാല്യകാല സുഹൃത്തും നര്‍ത്തകിയുമായ ഡോണയെ ആണ് 1997ല്‍ ഗാംഗുലി വിവാഹം കഴിച്ചത്. ഒരുകാലത്ത് ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ 45കാരിയായ നഗ്മയാകട്ടെ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലും നടി ഒരു കൈ നോക്കുകയും ചെയ്തു.

എന്തായാലും ദാദക്ക് നഗ്മയുടെ പിറന്നാള്‍ ആശംസ കണ്ട് ആരാധകര്‍ക്ക് വെറുതെ ഇരിക്കാനായില്ല. അവര്‍ ട്രോളുകളുമായി രംഗത്തെത്തി.