നാഗ്‌പൂര്‍: ഏകദിന ക്രിക്കറ്റിലെ മികച്ച ത്രില്ലര്‍ പോരാട്ടങ്ങളിലൊന്നിനാണ് നാഗ്പൂര്‍ സാക്ഷ്യംവഹിച്ചത്. ജയത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയുടെ അവസാന ഓവര്‍ വരെ പോരാടിയ ദിനം. അതായിരുന്നു ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം. 

നായകന്‍ വിരാട് കോലിയുടെ 40-ാം ഏകദിന സെഞ്ചുറിയാണ് തുടക്കം തകര്‍ന്ന ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കോലിയുമായി 81 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വിജയ് ശങ്കര്‍ 46 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം ലഭിച്ച ഓസീസിനെ സ്റ്റോയിനിസ് ജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ഡെത്ത് ഓവറുകളില്‍ വിജയ് ശങ്കറും ബുംറയും കളി ഇന്ത്യയുടെ വരുതിക്കാക്കി. കുല്‍ദീപ് മൂന്നും ബുംറയും ശങ്കറും രണ്ടും ജഡേജയും ജാദവും ഓരോ വിക്കറ്റും വീഴ്‌ത്തി.

കോലി മുന്നില്‍ നിന്ന് പട നയിച്ച് നേടിയ തകര്‍പ്പന്‍ ജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. വീരേന്ദര്‍ സെവാഗും മൈക്കല്‍ ക്ലാര്‍ക്കും, ഭാജിയും വി വി എസ് ലക്ഷ്‌മണനും അടക്കമുള്ള ഇതിഹാസ താരങ്ങള്‍ ഇന്ത്യയുടെ വിജയത്തില്‍ പ്രതികരിച്ചു. 

നാഗ്‌പൂര്‍ ഏകദിനത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (120 പന്തില്‍ 116) 40-ാം സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ പ്രത്യേകത. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 49.3 ഓവറില്‍ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.