ദില്ലി: ക്രിക്കറ്റ് ഇതിഹാസങ്ങളെ മാതൃകയാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്‌മൺ, അനില്‍ കുംബ്ലെ എന്നിവരെ മാതൃകയാക്കാനാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചത്. 

2001ൽ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ പിന്നിൽ നിന്ന് തിരിച്ചടിച്ച് ഇന്ത്യയെ കരകയറ്റിയ രാഹുല്‍ ദ്രാവിഡും വി വി എസ് ലക്ഷ്‌മണനും 2002ലെ ആന്‍റിഗ്വ ടെസ്റ്റിൽ താടിയെല്ല് പൊട്ടിയിട്ടും ബൗളിംഗിനിറങ്ങിയ അനിൽ കുംബ്ലെയും പ്രതിബദ്ധതയുടെയും സമര്‍പ്പണത്തിന്‍റെയും സ്ഥിരോത്സാഹത്തിന്‍റെയും ഉദാഹരണങ്ങളാണെന്ന് മോദി പറഞ്ഞു. ദില്ലിയിൽ 'പരീക്ഷാ പേ ചര്‍ച്ച'യിലാണ് മോദിയുടെ പ്രതികരണം.

ദ്രാവിഡ്-ലക്ഷ്‌മണ്‍: ഈഡനില്‍ കണ്ടത് ലോകാത്ഭുതം

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ചരിത്രം രചിക്കുകയായിരുന്നു രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്‌മണും. ടെസ്റ്റ് ക്രിക്കറ്റില്‍ അതുവരെ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്‌സും കൂട്ടുകെട്ടും വിജയവും പിറന്ന മത്സരം.  ക്രിക്കറ്റില്‍ എതിരാളികളില്ലാതെ വിലസുന്ന സ്റ്റീവ് വോയുടെ ഓസീസായിരുന്നു മറുവശത്ത്. കൊല്‍ക്കത്തയില്‍ ആദ്യം ഇന്നിംഗ്‌സില്‍ ഓസീസ് 445 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 171 റണ്‍സിലൊതുങ്ങി. വിവിഎസ് ലക്ഷ്‌മണിന്‍റെ 59 മാറ്റിനിര്‍ത്തിയാല്‍ ബാറ്റിയെല്ലാവരും സമ്മാനിച്ചത് നിരാശ. 

എന്നാല്‍ ഇന്ത്യ ഫോളോ ഓണിനിറങ്ങിയപ്പോള്‍ ദ്രാവിഡും ലക്ഷ്‌മണും ചേര്‍ന്ന് പുതു ചരിത്രം രചിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 376 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുണ്ടാക്കിയതോടെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഏഴിന് 657 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി. ഫോളോ ഓണിനിറങ്ങിയ ടീമിന് സ്വന്തമായത് 383 റണ്‍സ് ലീഡ്. ലക്ഷ്‌മണിന്‍റെ 281 റണ്‍സ് ടെസ്റ്റില്‍ ഇന്ത്യക്കാരന്‍റെ അതുവരെയുള്ള ഉയര്‍ന്ന സ്‌കോറായി. മറുപടി ബാറ്റിംഗില്‍ ഓസീസിനെ 212ല്‍ എറിഞ്ഞിട്ട് 171 റണ്‍സിന്‍റെ ചരിത്രജയവുമായി ദാദയും സംഘവും ഈഡനെ ഉത്സവപ്പറമ്പാക്കി. 

അവര്‍ താടിയെല്ലുടച്ചിട്ടും കുംബ്ലെ പിന്‍മാറിയില്ല!

2002ലെ ആന്റിഗ്വ ടെസ്റ്റിനിടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു സ്‌പിന്നര്‍ അനില്‍ കുംബ്ലെ. വിന്‍ഡീസ് പേസര്‍ മെല്‍വിന്‍ ഡില്ലന്റെ പന്തില്‍ താടിയെല്ലിനു പൊട്ടലേറ്റിട്ടും താടിക്ക് കെട്ടുമായി കുംബ്ലെ കളി തുടര്‍ന്നു. പരിക്കിനെ വകവെക്കാതെ 14 ഓവറുകള്‍ എറിഞ്ഞ കുംബ്ലെ ബ്രയാന്‍ ലാറയുടെ നിര്‍ണായക വിക്കറ്റും വീഴ്‌ത്തി. ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാണ് കുബ്ലെയുടെ അന്നത്തെ പോരാട്ട വീര്യം.