ബ്രിസ്ബേന്‍: പതിനാറാം വയസില്‍ പാക്കിസ്ഥാന്‍ പേസ് ഇതിഹാസം വഖാര്‍ യൂനിസില്‍ നിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിച്ചപ്പോള്‍ നസീം ഷായ്ക്ക് കണ്ണിരടക്കാനായില്ല. കാരണം ആ സ്വപ്ന നിമിഷം കാണാന്‍ ഏറെ കൊതിച്ച നസീമിന്റെ ഉമ്മ ഇന്ന് അവനോടൊപ്പമില്ല. ഉമ്മയെ അവസാനമായി ഒരു നോക്കു കാണാനും നസീമിന് ആയില്ല. ചൊവ്വാഴ്ചയാണ് നസീമിന്റെ ഉമ്മ മരിച്ചത്.

ആദ്യ ടെസ്റ്റിന് ഒരു ദിവസം മാത്രമെ ബാക്കിയുള്ളു എന്നതിനാല്‍ നസീം നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടരുകയായിരുന്നു. ഓസ്ട്രേലിയയില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് നസീം ഷാ.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 240 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായതോടെ ആദ്യ ദിവസത്തെ കളി പൂര്‍ത്തിയായി. രണ്ടാം ദിനം ഓസീസ് ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ നസീം ഷായുടെ ബൗളിംഗ് പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാത്തിരിപ്പിലാണ് ആരാധകര്‍.

ഓസീസ് പേസര്‍മാര്‍ നിറഞ്ഞാടിയ ഗാബയില്‍ നസീം ഷായ്ക്ക് തിളങ്ങാനാകുമെന്നുതന്നെയാണ് പാക് ആരാധകരുടെ പ്രതീക്ഷ. ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രമാണ് നസീം ഷാ ഇനതുവരെ പന്തെറിഞ്ഞത്. 17 റണ്‍സ് ശരാശരിയില്‍ 26 വിക്കറ്റുകളാണ് സമ്പാദ്യം.