കറാച്ചി: പാക്കിസ്ഥാന്‍ ദേശീയ ടീമിനായി അരങ്ങേറിയതിന് പിന്നാലെ അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനായി കളിക്കാനൊരുങ്ങി 16കാരന്‍ നസീം ഷാ. അടുത്ത വര്‍ഷം ജനുവരി 17 മുതല്‍ ഫെബ്രുവരി ഒമ്പത് വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ പാക് ടീമിലേക്ക് നസീം ഷായെ പരിഗണിച്ചേക്കുമെന്നാണ് സൂചന. നസീം ഷാ ആയിരിക്കും ലോകകപ്പില്‍ പാക്കിസ്ഥാന്റെ പ്രധാന ആയുധമെന്നും അവനെ ടീമില്‍ വേണമെന്നും പാക് അണ്ടര്‍ 19 ടീം പരിശീലകനായ ഇജാസ് അഹമ്മദ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന നസീം ഷാ ഇതിനുശേഷം ശ്രീലങ്കക്കെതിരായ പരമ്പരയിലാണ് കളിക്കേണ്ടത്. എന്നാല്‍ പാക്കിസ്ഥാനില്‍ നടക്കുന്ന പരമ്പരയില്‍ പേസ് ആക്രമണത്തെ നയിക്കാന്‍ മൊഹമ്മദ് അബ്ബാസും ഷഹീന്‍ അഫ്രീദീയുമുണ്ടെന്നും അതുകൊണ്ടുതന്നെ നസീം ഷായ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നേടാനാവുമെന്നും ഇജാസ് അഹമ്മദ് പ്രതീക്ഷ പ്രകടിപ്പിച്ചു. നസീം ഷായെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പോലുള്ള പേസ് ബൗളര്‍മാരെ തുണക്കുന്ന രാജ്യങ്ങളില്‍ മാത്രം ഇപ്പോള്‍ കളിപ്പിക്കുന്നതാണ് ഉചിതമെന്നും ഇജാസ് പറഞ്ഞു.

ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയാലും ലോകകപ്പിനായി ഷായെ വിട്ടുകൊടുക്കാന്‍ പാക് സീനിയര്‍ ടീം പരിശീലകനായ മിസ്ബാ ഉള്‍ ഹഖിനോട് ആവശ്യപ്പെടുമെന്നും ഇജാസ് പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ നസീം ഷായ്ക്ക് ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായി തിളങ്ങാനായിരുന്നില്ല.