ഭാവിയുടെ താരങ്ങളെയെടുത്താല്‍ ഞാന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ പേരാദ്യം പറയും. ഈ വര്‍ഷം ആദ്യ മൂന്ന് പാദത്തിലും മികച്ച പ്രകടനമായിരുന്നു ഗില്ലിന്‍റേത്.

ലണ്ടന്‍: ലോക ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയുടെ യുവ താരം ശുഭ്മാന്‍ ഗില്ലും ന്യൂസിലന്‍ഡ‍ിന്‍റെ യുവ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയുമാകും ഭാവിയില്‍ ക്രിക്കറ്റിനെ ഭരിക്കുകയെന്ന് നാസര്‍ ഹുസൈന്‍ ഐസിസി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഭാവിയുടെ താരങ്ങളെയെടുത്താല്‍ ഞാന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ പേരാദ്യം പറയും. ഈ വര്‍ഷം ആദ്യ മൂന്ന് പാദത്തിലും മികച്ച പ്രകടനമായിരുന്നു ഗില്ലിന്‍റേത്. ചെറിയ പരിക്കിനെത്തുടര്‍ന്നുള്ള ഇടവേള അവസാന പാദത്തില്‍ അവന്‍റെ ഫോം മങ്ങാന്‍ കാരണായിട്ടുണ്ടാകാം. എങ്കിലും അടുത്ത വര്‍ഷം അവന്‍ അതിശക്തമായി തിരിച്ചുവരുമെന്നാണ് കരുതുന്നത്.

'എന്നാല്‍ പിന്നെ താന്‍ തന്നെ അങ്ങ്'....സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച സ്മിത്തിന്‍റെ വായടപ്പിച്ച് ബാബര്‍ അസം

അസാമാന്യ പ്രതിഭയുള്ള താരമാണ് ഗില്‍. വരും വര്‍ഷങ്ങളില്‍ അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖമാകുമെന്നുറപ്പ്. രോഹിത് ശര്‍മയെപ്പോലുള്ള പരിചയസമ്പന്നരായ താരങ്ങളില്‍ നിന്ന് അവനേറെ പഠിക്കാന്‍ കഴിയുമെന്നും ഹുസൈന്‍ പറഞ്ഞു. 2023ല്‍ കളിച്ച 47 മത്സരങ്ങളില്‍ നിന്നായി 2126 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഏഴ് സെഞ്ചുറിയും 10 ഫിഫ്റ്റിയും ഗില്‍ നേടി. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററും ഗില്ലാണ്. ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇടക്ക് ഒന്നാം സ്ഥാനത്തെത്താനും ഗില്ലിനായിരുന്നു.

സമീപകാലത്ത് വലിയ താരമായി ഉയര്‍ന്നുവരുന്ന മറ്റൊരു താരം ന്യൂസിലന്‍ഡിന്‍റെ രചിന്‍ രവീന്ദ്രയാണെന്നും ഹുസൈന്‍ പറഞ്ഞു. രചിന്‍റെ കളി ഞാന്‍ ഇംഗ്ലണ്ടില്‍ കണ്ടിട്ടുണ്ട്. അന്നേ കരുതിയിരുന്നു ഇവന് രാജ്യാന്തര ക്രിക്കറ്റില്‍ വലിയ കരിയറുണ്ടെന്ന്. ലോകകപ്പില്‍ അവന്‍ മിന്നിത്തിളങ്ങുകയും ചെയ്തു. ഗില്ലിനൊപ്പം രചിന്‍ രവീന്ദ്രയും ഭാവിയുടെ സൂപ്പര്‍താരമാണെന്നും ഹുസൈന്‍ ഐസിസി വീഡിയോയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക