മുന്‍ പരിശീലകന്‍ ബിജു ജോര്‍ജ്ജ് തുടര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ സഞ്ജുവിനെ ആക്രമിക്കുന്നതും പതിവായി. യഥാര്‍ത്ഥത്തില്‍ മലയാളി താരങ്ങളെ  സഹായിക്കാന്‍ സഞ്ജു ശ്രമിച്ചില്ലേ? സഞ്ജു വിചാരിച്ചാല്‍ മലയാളിതാരങ്ങളെ ടീമില്‍ എടുക്കാന്‍ കഴിയുമായിരുന്നോ?  

തിരുവനന്തപുരം: ഐപിഎല്‍ താരലേലത്തില്‍ (IPL Auction) സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), എസ് ശ്രീശാന്ത് അടക്കം മലയാളി താരങ്ങളെ ടീമില്‍ എടുക്കാത്തത് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മുന്‍ പരിശീലകന്‍ ബിജു ജോര്‍ജ്ജ് തുടര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ സഞ്ജുവിനെ ആക്രമിക്കുന്നതും പതിവായി. യഥാര്‍ത്ഥത്തില്‍ മലയാളി താരങ്ങളെ സഹായിക്കാന്‍ സഞ്ജു ശ്രമിച്ചില്ലേ? സഞ്ജു വിചാരിച്ചാല്‍ മലയാളിതാരങ്ങളെ ടീമില്‍ എടുക്കാന്‍ കഴിയുമായിരുന്നോ? 

റോയല്‍സ് സിഇഒ ജെയ്ക് ലഷ് മക്ക്രം, ചെയര്‍പേഴ്‌സണ്‍ രഞ്ജിത് ബര്‍ത്തകര്‍, ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാര, സ്ട്രാറ്റജി & പെര്‍ഫോമന്‍സ് ഡയറക്ടര്‍ സുബിന്‍ ബറൂച്ച, അനലിറ്റിക്‌സ് & ടെക്‌നോളജി ഹെഡ് ഗൈല്‍സ് ലിന്‍ഡ്‌സെ, അനലിസ്റ്റ് പനിഷ് ഷെട്ടി, ടീം മാനേജര്‍ റോമി ഭിന്ദര്‍ എന്നിവരാണ് ടീമിനായി താരലേലത്തില്‍ പങ്കെടുത്തത്. ലേലത്തിന് മുന്‍പുള്ള ചര്‍ച്ചകളില്‍ പ്രധാനമായും പങ്കെടുത്തതും ഇവരാണ്. പരിക്കിനെ തുടര്‍ന്നുള്ള ചികിത്സയ്കായി ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഉള്ള സഞ്ജുവിന് എല്ലാ സെഷനിലും സജീവമായി പങ്കെടുക്കാന്‍ ഉള്ള സാഹചര്യമുണ്ടായിരുന്നില്ല.

മാത്രമല്ല എംഎസ് ധോണിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലോ, രോഹിത് ശര്‍മയ്ക്ക് മുംബൈ ഇന്ത്യന്‍സിലോ ഉള്ള സ്വാധീനം താരതമ്യേന ജൂനിയറായ സഞ്ജുവില്‍ നിന്ന് പ്രതീക്ഷിക്കാനും കഴിയില്ല. അടുത്ത സുഹൃത്തായ സുരേഷ് റെയ്‌നയെ അടിസ്ഥാനവിലയ്ക്ക് പോലും ടീമില്‍ എടുക്കാന്‍ ധോണിയുടെ സിഎസ്‌കെ തയ്യാറായില്ല എന്നതും ഓര്‍മ്മിക്കണം. ഈ പശ്ചാത്തലത്തില്‍ സഞ്ജുവിന് എത്രത്തോളം സ്വാധീനം ടീം ഉടമകളില്‍ ചെലുത്താന്‍ കഴിയുമായിരുന്നു എന്നത് സംശയകരമാണ് . ഇത്തവണ രാജ്യാന്തര ഡേറ്റ അനലിറ്റിക്‌സ് സംഘത്തിന്റെ സഹായത്തോടെയാണ് മിക്ക ഫ്രാഞ്ചൈസികളും ടീമുകളെ
തിരഞ്ഞെടുത്തത്. 

ലേലത്തില്‍ മികച്ച പ്രകടനം നടത്തിയ ടീമുകളിലൊന്ന് റോയല്‍സ് എന്നായിരുന്നു പൊതുവിലയിരുത്തല്‍. താരലേലത്തിന് മുന്‍പുള്ള രാജസ്ഥാന്‍ ട്രയല്‍സിലേക്ക് കേരള ടീമിലെ എല്ലാ പ്രധാന താരങ്ങള്‍ക്കും സഞ്ജു ഇടപെട്ട് അവസരം നല്‍കിയിരുന്നു എന്നതും അധികമാര്‍ക്കും അറിയില്ല. വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന, എം ഡി നിധീഷ്, ഷോണ്‍ റോജര്‍, എസ് മിഥുന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, സി പി ഷാഹിദ് എന്നിവരാണ് കേരളത്തില്‍ നിന്ന് ഇത്തവണ ട്രയല്‍സില്‍ പങ്കെടുത്തത്. ഇത് തന്നെ സര്‍വ്വകാല റെക്കോര്‍ഡാണെന്ന് കേരള ടീം വൃത്തങ്ങള്‍ പറയുന്നു. ഇവരില്‍ മിക്കവരും മറ്റ് ടീമുകളുടെ ട്രയല്‍സിലും പങ്കെടുത്തവരാണ്. വിഷ്ണു വിനോദിന് മാത്രമാണ് അവസരം കിട്ടിയത്. 

കെ.എം.ആസിഫിനെ നിലനിര്‍ത്തുമെന്ന് ചെന്നൈ നേരത്തെ പറഞ്ഞിരുന്നു. ഷോണ്‍ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടംകിട്ടാതെ പോയ മലയാളിതാരമാണ്. അണ്ടര്‍ 19 കിരീടം നേടിയ ടീമിലെ എല്ലാവരും ഐപിഎല്ലില്‍ കളിക്കുന്നുമില്ല. ചില കളിക്കാരോട് സംസാരിച്ചപ്പോള്‍ പ്രതീക്ഷിച്ച പ്രകടനം ട്രയല്‍സില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വ്യക്തിപരമായി വിദ്വേഷം തുടങ്ങേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെതിരെ തുടര്‍ച്ചയായി സൈബറിടങ്ങളില്‍ ആക്രമണം നടത്തുന്നത് യുക്തിയില്ലായ്മയും വസ്തുതകള്‍ മനസ്സിലാക്കാതെയുമാണ്എന്ന് പറയേണ്ടിവരും. 

സഞ്ജുവിന്റെ പ്രതികരണം ഈ വിഷയത്തില്‍ ഇതുവരെ ലഭ്യമായിട്ടില്ല. എന്‍സിഎ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയതോടെ സഞ്ജു രാജ്‌കോട്ടില്‍ കേരളത്തിന്റെ രഞ്ജി ട്രോഫി ക്യാംപില്‍ ചേര്‍ന്നിട്ടുണ്ട്. 24ന് തുടങ്ങുന്ന കേരളത്തിന്റെ അടുത്ത മത്സരം തത്സമയസംപ്രേഷണം ചെയ്യുന്നുമുണ്ടെന്നാണ് വിവരം.