വിരാട് കോലിയോ രോഹിത് ശര്‍മയോ അല്ല, മറിച്ച് ജസ്പ്രിത് ബുമ്രയാണ് നീരജിന്റെ തിരഞ്ഞെടുപ്പ്.
ബെംഗളൂരു: ജാവലിന്‍ ത്രോയ്ക്ക് ഏറ്റവും അനുയോജ്യനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്? ആ താരത്തെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര തന്നെ തെരഞ്ഞെടുക്കുന്നു. കരിയറില്‍ ആദ്യമായി 90 മീറ്റര്‍ പിന്നിട്ട്, ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാംസ്ഥാനം വീണ്ടെടുത്ത തിളക്കത്തിലാണ് നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗില്‍ 90.23 മീറ്റര്‍ ദൂരം കണ്ടെത്തയാണ് നീരജ് ജാവലിന്‍ ത്രോയിലെ വലിയ കടമ്പ മറികടന്നത്. ഒസ്ട്രാവ ഗോള്‍ഡണ്‍ സ്‌പൈക്ക് അത്‌ലറ്റിക്‌സിലും നീരജിനായിരുന്നു സ്വര്‍ണം.
ഇതിനിയെടയാണ് ജാവലിന്‍ ത്രോയ്ക്ക് ഏറ്റവും അനുയോജ്യനായ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആരാണെന്ന ചോദ്യം നീരജിന് നേരെ വന്നത്. വിരാട് കോലി, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളൊന്നുമല്ല നീരജ് പറഞ്ഞത്. പകരം ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയുടെ പേരാണ് താരം മുന്നോട്ടുവച്ചത്. ഒളിംപിക് ചാമ്പ്യന്റെ മറുപടി ഇങ്ങനെ... ''എന്റെ മനസിലുള്ള പേര് ജസ്പ്രിത് ബുമ്രയുടേതാണ്. പൂര്‍ണ ഫിറ്റ്‌നെസിലുള്ള ബുമ്രയ്ക്ക് ജാവലിനില്‍ തിളങ്ങാന്‍ കഴിയും.'' നീരജ് വ്യക്തമാക്കി.
ജൂലൈ അഞ്ചിന് ബെംഗളൂരുവില്‍ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക്കിലാണ് നീരജ് ഇനി മത്സരിക്കുക. ജൂലൈ 5ന് കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന മത്സരത്തിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു നീരജ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം വരുന്നത്. മെയ് 24ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റ് ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്.
അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് നീരജ് ക്ലാസിക്സ് അരങ്ങേറുന്നത്. കായിക മന്ത്രാലയത്തിന്റെ പിന്തുണയും ടൂര്‍ണമെന്റിനുണ്ട്. ആദ്യം ഹരിയാനയിലെ തൗ ദേവി ലാല്‍ സ്റ്റേഡിയത്തിലാണ് മത്സരം തീരുമാനിച്ചതെങ്കിലും ലോകോത്തര നിലവാരം അനുസരിച്ചാണ് മത്സരം ബെംഗളൂരുവിലേക്ക് മാറ്റിയത്. ഒളിംപിക്സ് മെഡല്‍ നേടിയ തനിക്ക് രാജ്യത്തെ അത്ലറ്റിക്സിനായി ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ടൂര്‍ണമെന്റിന് മുന്നോടിയായി നീരജ് പറഞ്ഞു.

