ടെസ്റ്റില്‍ ഓപ്പണറുടെ ജോലി പ്രത്യേകിച്ച് വിദേശത്ത് ഏറ്റവും കഠിനമാണ്. അതുകൊണ്ടുതന്നെ കരിയറില്‍ എപ്പോഴെങ്കിലും ഗില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതിനര്‍ത്ഥം മൂന്നാം നമ്പര്‍ എളുപ്പമാണെന്നല്ല.

ഡൊമനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി അരങ്ങേറിയതോടെ സമീപകാലത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായിരുന്ന ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് ഇറങ്ങിയിരുന്നു. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത്തും ജയ്‌സ്വാളും 80 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കം നല്‍കുകയും ചെയ്തു. എന്നാല്‍ ഗില്ലിനെ മൂന്നാം നമ്പറിലേക്ക് മാറ്റിയത് ടീം മാനേജ്മെന്‍റ് അല്ല ഗില്ലിന്‍റെ ആവശ്യപ്രകാരമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ശുഭ്മാന്‍ ഗില്‍ ടീം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടത്, തനിക്ക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ്. അത് വളരെ രസകരമായി തോന്നി. കാരണം, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കളിക്കാരന്‍ അയാള്‍ ആഗ്രഹിക്കുന്ന ബാറ്റിംഗ് പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്ന് ടീം മാനേജ്മെന്‍റിനോട് ആവശ്യപ്പെടുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. മുമ്പ് ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടുമില്ല, ആര്‍ക്കും അത്തരമൊരു സൗജന്യം അനുവദിച്ചിട്ടുമില്ല. പക്ഷെ അതിലെ ഏറ്റവും നല്ല കാര്യം അതുവഴി യശസ്വിക്ക് ഓപ്പണറായി ഇറങ്ങാനാവുമെന്നാണ്. ഗില്ലിന്‍റെ ആവശ്യംകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം-ചോപ്ര തന്‍റെ യുട്യൂബ് വിഡിയോയില്‍ പറഞ്ഞു.

ടെസ്റ്റില്‍ ഓപ്പണറുടെ ജോലി പ്രത്യേകിച്ച് വിദേശത്ത് ഏറ്റവും കഠിനമാണ്. അതുകൊണ്ടുതന്നെ കരിയറില്‍ എപ്പോഴെങ്കിലും ഗില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതിനര്‍ത്ഥം മൂന്നാം നമ്പര്‍ എളുപ്പമാണെന്നല്ല. നാലാം നമ്പറാണ് ഏറ്റവും സുരക്ഷിതമായ സ്ഥാനം. ഓരോ ടീമും അവരുടെ ഏറ്റവും മികച്ച ബാറ്ററെയാകും ഈ സ്ഥാനത്ത് ഇറക്കുക. കാരണം, അയാള്‍ക്ക് വാലറ്റത്തിനൊപ്പം ബാറ്റ് ചെയ്യേണ്ട അവസ്ഥ വരാതിരിക്കാനാണിതെന്നും ചോപ്ര പറഞ്ഞു.

സ്റ്റംപിളക്കിയ റെക്കോര്‍ഡ്; അനില്‍ കുംബ്ലെയെ മറികടന്ന് അശ്വിന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓപ്പണറായാണ് ഗില്‍ ഇറങ്ങിയത്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയാണ് കളിച്ചത്. എന്നാല്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് പൂജാര പുറത്തായതോടെയാണ് യശസ്വി ഓപ്പണറാകുകയും ഗില്‍ മൂന്നാം നമ്പറിലെത്തുകയും ചെയ്തത്.