ട്രിബുവാൻ: ഏകദിന ക്രിക്കറ്റില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ അമേരിക്കന്‍ ക്രിക്കറ്റ് ടീം. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ്-2വില്‍ നേപ്പാളിനെതിരെ അമേരിക്ക വെറും 35 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഏകദിന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. മുന്‍പ് സിംബാബ്‌വെയും ഇതേ സ്‌കോറില്‍ പുറത്തായിട്ടുണ്ട്. 

നേപ്പാളിന്‍റെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ സന്ദീപ് ലമിച്ചാനെയുടെ റെക്കോര്‍ഡ് ബൗളിംഗാണ് യുഎസ്എയെ നാണംകെടുത്തിയത്. ആറ് ഓവര്‍ എറിഞ്ഞ ലമിച്ചാനെ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‌ത്തി. ഏകദിനത്തില്‍ ഒരു നേപ്പാള്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. മൂന്ന് ഓവര്‍ എറിഞ്ഞ ഇടംകൈയന്‍ സ്‌പിന്നര്‍ സുഷാന്‍ ഭാരി മൂന്ന് ഓവറില്‍ അഞ്ച് റണ്‍സിന് നാല് വിക്കറ്റും നേടി. 

ഇതോടെ വെറും 12 ഓവറില്‍ 35 റണ്‍സിന് യുഎസ്‌എയുടെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. 12 റണ്‍സെടുത്ത സേവ്യര്‍ മാര്‍ഷല്‍ മാത്രമാണ് അമേരിക്കന്‍ ബാറ്റ്സ്‌മാന്‍മാരില്‍ രണ്ടക്കം കണ്ടത്. നാല് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി. മറുപടി ബാറ്റിംഗില്‍ നേപ്പാള്‍ എട്ട് വിക്കറ്റിന് വിജയിച്ചു. 5.2 ഓവറിലാണ് നേപ്പാള്‍ ലക്ഷ്യത്തിലെത്തിയത്. യുഎസ്എക്കായി നൊസ്‌തുഷാണ് രണ്ട് വിക്കറ്റും നേടിയത്. 

ശ്രീലങ്കയോട് 2004ലാണ് സിംബാബ്‌വെ 35 റണ്‍സില്‍ പുറത്തായത്. ചാമിന്ദ വാസ്, ദില്‍ഹാര ഫെര്‍ണാണ്ടോ, ഫര്‍വീസ് മഹറൂഫ് എന്നിവരുടെ ബൗളിംഗ് മികവിലാണ് സിംബാബ്‌വെ അന്ന് തരിപ്പണമായത്. വാസ് നാലും മഹറൂഫ് മൂന്നും ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി. മത്സരം ലങ്ക 9.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ വിജയിച്ചിരുന്നു.