ഒരുഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് ആറിന് 91! പിന്നെ നടന്നത് പോരാട്ടം; ശ്രീലങ്കയ്‌ക്കെതിരെ മികച്ച സ്‌കോര്‍
മോശം തുടക്കമായിരുന്നു നെതര്‍ലന്‍ഡ്‌സിന്. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുള്ളപ്പോള്‍ വിക്രംജിത് സിംഗിന്റെ (4) വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. പിന്നീട് മാക്‌സ് ഒഡൗഡ് (16) - കോളിന്‍ ആക്കര്‍മാന്‍ (29) എന്നിവരുടെ കൂട്ടുകെട്ട് നെതര്‍ലന്‍ഡ്‌സിനെ 48 റണ്‍സിലെത്തിച്ചു.

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂട്ടതകര്‍ച്ചയ്ക്ക് പിന്നാലെ ഗംഭീര തിരിച്ചുവരവ് നടത്തി നെതര്‍ലന്‍ഡ്‌സ്. ഒരു ഘട്ടത്തില്‍ ആറിന് 91 എന്ന നിലയില്‍ തകര്‍ന്ന നെതര്‍ലന്‍ഡ്‌സ് 262 റണ്‍സ് നേടി. സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (70), ലോഗന്‍ വാന്‍ ബീക് (59) എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 49.4 ഓവറില്‍ എല്ലാവരും പുറത്തായി. ദില്‍ഷന്‍ മധുഷങ്ക, കശുന്‍ രജിത എന്നിവര്‍ ശ്രീലങ്കയ്ക്കായി നാല് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മോശം തുടക്കമായിരുന്നു നെതര്‍ലന്‍ഡ്‌സിന്. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുള്ളപ്പോള്‍ വിക്രംജിത് സിംഗിന്റെ (4) വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. പിന്നീട് മാക്‌സ് ഒഡൗഡ് (16) - കോളിന്‍ ആക്കര്‍മാന്‍ (29) എന്നിവരുടെ കൂട്ടുകെട്ട് നെതര്‍ലന്‍ഡ്‌സിനെ 48 റണ്‍സിലെത്തിച്ചു. എന്നാല്‍ ഒഡൗഡിനെ പുറത്താക്കി കശുന്‍ രജിത ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ബാസ് ഡീ ലീഡെ (6), തേജ നിദമനുരു (90 എന്നിവര്‍ നിരാശപ്പെടുത്തി. ഇരുവരേയും മധുഷങ്കയാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനും (16) തിളങ്ങാനായില്ല. ഇതോടെ ആറിന് 91 എന്ന നിലയിലായി നെതര്‍ലന്‍ഡ്‌സ്.
പിന്നീടാണ് അവരുടെ ഇന്നിംഗ്‌സിലെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. വാന്‍ ബീക്ക് സൂക്ഷ്മതയോടെ കളിച്ചു. അപ്പുറത്ത് സിബ്രാന്‍ഡ് അറ്റാക്ക് ചെയ്തും കളിച്ചു. ഇരുവരും 130 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 46-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. സിബ്രാന്‍ഡ് ബൗള്‍ഡായി. മധുഷങ്കയെ സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് താരം പുറത്താവുന്നത്. തുടര്‍ന്നെത്തിയ റോള്‍ഫ് വാന്‍ ഡര്‍ മെര്‍വിന് (7) തിളങ്ങാനായില്ല. ഇതിനിടെ വാന്‍ ബീക്കും മടങ്ങി. അവസാന ഓവറില്‍ പോള്‍ വാന്‍ മീകെരന്‍ (4) റണ്ണൗട്ടായി. ആര്യന്‍ ദത്ത് (9) പുറത്താവാതെ നിന്നു.
ലോകകപ്പിലെ ആദ്യ ജയമാണ് ശ്രീലങ്ക ലക്ഷ്യമിടുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും ടീം തോറ്റിരുന്നു. നെതര്‍ലന്‍ഡ്‌സ് കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ്.