ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യ ഇറങ്ങുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു ജയവും നേടാനായിട്ടില്ല.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ 23ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇറങ്ങുമ്പോൾ പരമ്പര സമനിലയാക്കാന്‍ ഇന്ത്യക്ക് വേണ്ടത് ചരിത്രവിജയമാണ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റില്‍ ഒറ്റ ജയം പോലും ഇന്ത്യക്ക് നേടാനായിട്ടില്ലെന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ മാഞ്ചസ്റ്ററില്‍ ആദ്യ ജയം നേടി ചരിത്രം തിരുത്തിയാല്‍ മാത്രമെ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ടിന് ഒപ്പമെത്താനാവു.

1936ലാണ് ഇന്ത്യ ആദ്യമായി മാഞ്ചസ്റ്ററില്‍ കളിച്ചത്. അതിനുശേഷം മാഞ്ചസ്റ്ററില്‍ ഇന്ത്യ എട്ട് ടെസ്റ്റുകളില്‍ കൂടി കളിച്ചു. ഇതില്‍ നാലെണ്ണം തോറ്റപ്പോള്‍ അ‍ഞ്ചെണ്ണം സമനിലയായി. മാഞ്ചസ്റ്ററിലെ പിച്ച് പൊതുവെ പേസര്‍മാരെ തുണക്കുന്നതാണ് ചരിത്രം. ജോഫ്ര ആര്‍ച്ചറുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പേസാക്രമണത്തെ അതിജീവിക്കുക എന്നതായിരിക്കും ഇന്ത്യ നേരിടാന്‍ പോകുന്ന വെല്ലുവിളി.

2019ലാണ് ഇംഗ്ലണ്ട് മാഞ്ചസ്റ്ററില്‍ അവസാനമായി തോറ്റത്. ഓസ്ട്രേലിയയായിരുന്നു ഇംഗ്ലണ്ടിനെ അന്ന് വീഴ്ത്തിയത്. അതിനുശേഷം മാഞ്ചസ്റ്ററില്‍ നടന്ന മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ഇംഗ്ലണ്ട് ജയിച്ചു. ഓസ്ട്രേലിയക്കെതിരെ സമനില നേടി.

ലോര്‍ഡ്സിലേതുപോലെ മാഞ്ചസ്റ്ററിലും ജോ റൂട്ട് തന്നെയാണ് ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം. 11 മത്സരങ്ങളില്‍ 65.20 ശരാശരിയില്‍ 978 റൺസാണ് മാഞ്ചസ്റ്ററില്‍ റൂട്ട് അടിച്ചത്. ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും ഇവിടെ റൂട്ട് നേടി. 579 റണ്‍സടിച്ച ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് ആണ് രണ്ടാമത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ ബര്‍മിംഗ്ഹാമില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ 336 റണ്‍സിന് ജയിച്ചു. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ‍ടെസ്റ്റില്‍ 22 റണ്‍സിന്‍റെ നേരിയ വിജയവുമായി ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക