അർജന്റീന താരം റോഡ്രിഗോ ഡി പോൾ ഇന്റർ മയാമിയിലേക്ക്. നാലുവർഷത്തെ കരാറിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഡി പോളിനെ ഇന്റർ മയാമി സ്വന്തമാക്കിയത്.
മയാമി:ലിയോണൽ മെസിയുടെ ഇന്‍റർ മയാമിയിലേക്ക് ഒരു അർജന്‍റൈൻ താരം കൂടി. മിഡ് ഫീൽഡർ റോഡ്രിഗോ ഡി പോളാണ് ഇന്‍റർ മയാമിയിൽ എത്തിയ പുതിയ താരം. അത്‍ലറ്റിക്കോ മാഡ്രിഡിൽ നിന്ന് നാലുവർഷ കരാറിലാണ് 31കാരനായ ഡി പോളിനെ ഇന്റർ മയാമി സ്വന്തമാക്കി. ബാഴ്സലോണയിലെ മെസിയുടെ പ്രിയ താരങ്ങളായ സെർജിയോ ബുസ്കറ്റ്സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം ഡി പോൾ കൂടി എത്തുന്നതോടെ ഇന്‍റർ മയാമിയുടെ കരുത്ത് കൂടുമെന്ന് ഉറപ്പ്. അർജന്‍റൈൻ ടീമിൽ മെസിയുടെ ബോഡി ഗാർഡ് എന്നറിയപ്പെടുന്ന താരമാണ് റോഡ്രിഗോ ഡി പോൾ.
ഈ മാസം അവസാനം ലീഗ്സ് കപ്പിലായിരിക്കും ഡി പോള്‍ ഇന്‍റര്‍ മയാമി കുപ്പായമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുകയെന്നാണ് സൂചന. കരാര്‍ ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ലാത്തതിനാല്‍ ഏത് മത്സരത്തിലാവും ഡി പോള്‍ കളിക്കുക എന്ന കാര്യം ഇപ്പോള്‍ ഉറപ്പ് പറയാനാവില്ലെന്ന് ക്ലബ്ബിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. 2021ല്‍ ഉഡിനീസില്‍ നിന്നാണ് ഡി പോള്‍ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. മെസിക്കൊപ്പം 2022ലെ ലോകകപ്പിലും 2021, 2024 കോപ അമേരിക്കയിലും കിരീടം നേടിയ അര്‍ജന്‍റീനിയന്‍ ടീം അംഗം കൂടിയായിരുന്നു ഡി പോള്‍.എത്ര രൂപക്കാണ് മയാമി ഡി പോളിനെ സ്വന്തമാക്കിയത് എന്ന കാര്യവും പുറത്തുവിട്ടിട്ടില്ല.
ഇന്‍റര്‍ മയാമിയില്‍ കളിക്കുന്ന താരങ്ങളുടെയും മേജര്‍ സോക്കര്‍ ലീഗിലെ ആകെ താരങ്ങളുടെയും പ്രതിഫലത്തെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് മെസിയും ആല്‍ബയും ബുസ്കെറ്റ്സും ഇന്‍റര്‍ മയാമിക്കായി കളിക്കുന്നത്. അതിനിടെ മെസിയുമായുള്ള കരാര്‍ പുതുക്കാനുള്ള ശ്രമങ്ങള്‍ ഇന്‍റര്‍ മയാമി തുടങ്ങിയിട്ടുണ്ട്. ഇതിനോട് മെസിയുടെ പ്രതികരണം ഇതുവരെ വ്യക്തമല്ല. ഈ വര്‍ഷം ഡിസംബറിലാണ് ഇന്‍റര്‍ മയാമിയുടെ മെസിയുമായുള്ള രണ്ട് വര്‍ഷ കരാര്‍ അവസാനിക്കുന്നത്.കഴിഞ്ഞ സീസണില്‍ മെസിയുടെ മികവില്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയശതമാനം ഇന്‍റര്‍ മയാമി സ്വന്തമാക്കിയിരുന്നു.


