ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ കളിച്ച സിറാജാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ പന്തെറിഞ്ഞത്. സിറാജിന്‍റെ ജോലിഭാരം കണക്കിലെടുക്കണമെന്ന് ആകാശ് ചോപ്ര.

ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജോലിഭാരം കണക്കിലെടുത്ത് പേസര്‍ ജസ്പ്രീത് ബുമ്ര മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ഇന്ത്യൻ ടീം മാനേജ്മെന്‍റ് നേരത്തെ വ്യക്താക്കിയിരുന്നു. ഇതനുസരിച്ച് ആദ്യ ടെസ്റ്റില്‍ കളിച്ച ബുമ്ര മൂന്നാം ടെസ്റ്റിലും കളിച്ചു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമെ ബുമ്ര കളിക്കൂ. എന്നാല്‍ ഇന്ത്യൻ ടീമില്‍ ജസ്പ്രീത് ബുമ്രയുടേത് മാത്രമല്ല, സഹപേസറായ മുഹമ്മദ് സിറാജിന്‍റെ ജോലിഭാരം കൂടി ടീം മാനേജ്മെന്‍റ് കണക്കിലെടുക്കണമെന്ന് ആഭ്യർത്ഥിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

പരമ്പരയിലെ മൂന്ന് ടെസ്റ്റിലും പന്തെറിഞ്ഞ സിറാജാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍. എന്നിട്ടും മറ്റു പലരുടെയും ജോലിഭാരത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ സിറാജിന്‍റെ ജോലിഭാരത്തെക്കുറിച്ചുമാത്രം ഒന്നും പറയാത്തത് നീതികേടാണെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന ബൗളറാണ് സിറാജ്. ധാരാളം ഓവറുകള്‍ എറിയുന്ന ബൗളര്‍. എന്നിട്ടും അവന്‍റെ ജോലിഭാരത്തെക്കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല. അത് നീതികേടാണ്. പന്തെറിയാനെത്തുമ്പോഴെല്ലാം കഴിവിന്‍റെ പരമാവധി നല്‍കാന്‍ സിറാജ് ശ്രമിക്കാറുണ്ട്.

അതിവേഗം ഓടിയെത്തി അവന്‍ പന്തെറിയുന്നത് കാണുമ്പോള്‍ ഹൃദയം കൊണ്ടാണ് അവന്‍ പന്തെറിയുന്നത് എന്ന് തോന്നിപ്പോവും. പിച്ചില്‍ നിന്ന് യാതൊരു സഹായവും ലഭിക്കാത്തപ്പോള്‍ പോലും അവന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയാറാവാറില്ല. അവന്‍റെ തോളുകള്‍ ഇടിഞ്ഞ് ആരും കണ്ടിട്ടുണ്ടാവില്ല, കാരണം, അവന്‍ എല്ലായ്പ്പോഴും ഒരു പോരാളിയാണ്. അവനൊരിക്കലും വിശ്രമം ആവശ്യപ്പെടാറില്ല. ചാമ്പ്യൻസ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ടിട്ടും ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനായത് സിറാജിന്‍റെ പോരാട്ടവീര്യം കൊണ്ടാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യൻ ബൗളര്‍ സിറാജാണ്. മൂന്ന് മത്സരങ്ങളില്‍ 13 വിക്കറ്റാണ് സിറാജിന്‍റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രക്ക് രണ്ട് മത്സരങ്ങളില്‍ 12 വിക്കറ്റാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക