ധാക്ക: ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തമീം ഇഖ്ബാലിനെ നിയമിച്ചു. നായകസ്ഥാനത്ത് നിന്ന് മാറിയ മഷ്‌റഫെ മൊര്‍ത്താസയ്ക്ക് പകരമായിട്ടാണ് തമീം ബംഗ്ലാദേശിനെ നയിക്കുക. ഏപ്രില്‍ ഒന്നിന് പാകിസ്ഥാനെതിരെ നടക്കുന്ന ഏകദിനത്തില്‍ തമീം ക്യാപ്റ്റനായി അരങ്ങേറും.

മുമ്പ് ബംഗ്ലാദേശ് ടീമിന്റെ താല്‍കാലിക നായകസ്ഥാനം ഏറ്റെടുത്തിട്ടുണ്ട് തമീം. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിനെ നയിച്ചത് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായിരുന്നു. മൊര്‍ത്താസയ്ക്ക് പകരമായിട്ടായിരുന്നു തമീം ടീമിനെ നയിച്ചത്. 2017ല്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ടെസ്റ്റിലും തമീം ബംഗ്ലാദേശിനെ നയിച്ചു.

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് മൊര്‍ത്താസ ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നില്ല.  ഏകദിന ലോകകപ്പിന് ശേഷം മൊര്‍ത്താസ വിരമിക്കല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.