ഡബ്ലിന്‍: അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ആന്‍ഡ്രൂ ബാല്‍ബിര്‍നിയെ നിയമിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡിന് പകരമാണ് ബാല്‍ബിര്‍നി ടീമിനെ നയിക്കുക. അയര്‍ലന്‍ഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ മാത്രം ക്യാപ്റ്റനാണ് ബാല്‍ബിര്‍നി. 

28കാരനായ താരം 2010ലാണ് അവരുടെ ജേഴ്‌സിയില്‍ അരങ്ങേറിയത്. ജനുവരി ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബാല്‍ബിര്‍നി ക്യാപ്റ്റനായി അരങ്ങേറുക. ആദ്യമായിട്ടല്ല താരം ക്യാപ്റ്റന്‍ സ്ഥാനം നിര്‍വഹിക്കുന്നത്. 2010 അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ നയിച്ചതും ബാല്‍ബിര്‍നിയായിരുന്നു.

അതേസമയം, 11 വര്‍ഷം ടീമിനെ നയിച്ച ശേഷമാണ് പോര്‍ട്ടര്‍ഫീല്‍ഡ് പടിയിറങ്ങുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 253 മത്സരങ്ങളില്‍ പോര്‍ട്ടര്‍ ഫീല്‍ഡ് ഐറിഷ് പടയെ നയിച്ചു. 2008ല്‍ ട്രന്റ് ജോണ്‍സ്റ്റണില്‍ നിന്നാണ് പോര്‍ട്ടര്‍ഫീല്‍ഡ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. രണ്ട് ഏകദിന ലോകകപ്പിലും അഞ്ച് ടി20 ലോകകപ്പിലും പോര്‍ട്ടര്‍ഫീല്‍ഡാണ് ടീമിനെ നയിച്ചത്.