Asianet News MalayalamAsianet News Malayalam

ബാബറിന് പകരക്കാരായി! പാക് ടെസ്റ്റ് ടീമിനും ടി20ക്കും പുതിയ നായകന്മാര്‍; എകദിനത്തിന്‍റെ കാര്യത്തില്‍ അവ്യക്തത

പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചിരിക്കുകാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടി20 ടീമിനെ പേസര്‍ ഷഹീന്‍ അഫ്രീദി നയിക്കും. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഷാന്‍ മസൂദാണ്.

new captains for pakistan cricket team after babar azam resigns 
Author
First Published Nov 15, 2023, 9:19 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പിസിബി. അല്‍പസമയം മുമ്പ് ബാബര്‍ അസം മൂന്ന് ഫോര്‍മാറ്റിന്റേയും നായകസ്ഥാനം രാജിവച്ചിരുന്നു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു രാജി. ഏറെ പ്രതീക്ഷയോടെ വന്ന പാകിസ്ഥാന് അഞ്ചാം സ്ഥാനത്ത് മാത്രമാണ് അവസാനിപ്പിക്കാന്‍ സാധിച്ചത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ടീമുകളോട് പരാജയപ്പെടുകയും ചെയ്തു. താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനിടെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചിരിക്കുകാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടി20 ടീമിനെ പേസര്‍ ഷഹീന്‍ അഫ്രീദി നയിക്കും. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഷാന്‍ മസൂദാണ്. അതേസമയം, ഏകദിന ടീമിന്റെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ബാബറിനോട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ഏകദിന ടീമിന്റെ നായകനാവാന്‍ ഏറെ സാധ്യത മുഹമ്മദ് റിസ്‌വാനാണ്. ഷഹീന്‍ അഫ്രീദി ടി20 നായകനാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 

ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബര്‍ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും ഇനിയും കളിക്കുമെന്നും ബാബര്‍ വ്യക്തമാക്കി. തന്നെ ഉത്തരവാദിത്തം ഏല്‍പ്പിച്ച പിസിബിക്ക് ബാബര്‍ നന്ദി പറഞ്ഞു. 

പ്രസ്താവനയില്‍ വിശദീകരിക്കുന്ന ബാക്കി കാര്യങ്ങളിങ്ങനെ... ''2019ല്‍ എന്നെ ക്യാപ്റ്റനാക്കികൊണ്ടുള്ള പിസിബിയുടെ ഫോണ്‍ സന്ദേശം ഞാന്‍ ഓര്‍ക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കരിയറില്‍ കയറ്റിറങ്ങളുണ്ടായി. എന്നാല്‍ എപ്പോഴും പാകിസ്ഥാന്റെ പ്രതാപം ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകത്തെ ബഹുമാനിക്കുകയും ചെയ്തു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒന്നാം നമ്പറാവാന്‍ പാകിസ്ഥാന് സാധിച്ചു. താരങ്ങള്‍, പരിശീലകര്‍, ടീം മാനേജ്‌മെന്റ് എന്നിവരുടെ ശ്രമഫലം കൂടിയാണിത്. യാത്രയില്‍ കൂടെ നിന്ന് പാകിസ്ഥാന്‍ ആരാധകരോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു.'' ബാബര്‍ കുറിച്ചിട്ടു.

സന്തോഷം, അത്രമാത്രം! കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് തകര്‍ത്തതിന് പിന്നാലെ കോലിയെ അഭിനന്ദിച്ച് സച്ചിന്‍

Follow Us:
Download App:
  • android
  • ios