ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ഇനി പുതിയ ചെയര്‍മാന്‍. ഇന്ത്യയുടെ ശശാങ്ക് മനോഹറിന് പകരമമായി ന്യൂസിലന്‍ഡുകാരനായ ഗ്രേഗ് ബാര്‍ക്ലെ നിയമിതനായി. രണ്ടാംറൗണ്ട് വോട്ടിങിനൊടുവിലാണ് അദ്ദേഹത്തിന് നറുക്കുവീണത്. ഓക്‌ലന്‍ഡില്‍ നിന്നുളള അഭിഭാഷകന്‍ കൂടിയായ ബാര്‍ക്ലെ 2012 മുതല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു.

2015ല്‍ നടന്ന ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഡയറക്ടറും ബാര്‍ക്ലെയായിരുന്നു. നിലവില്‍ ഐസിസിയില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ പ്രതിനിധി കൂടിയാണ് ബാര്‍ക്ലേ. ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കുന്നതിനു വേണ്ടി അദ്ദേഹം ഇപ്പോഴത്തെ ചുമതലകളില്‍ നിന്നെല്ലാം ഒഴിയും. 

കൊവിഡ് മഹാമാരിയുയര്‍ത്തിയ പ്രതിസന്ധിയില്‍ നിന്നും കരകയറി ശക്തമായി തിരിച്ചുവനാകുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം പറഞ്ഞു. ''ഈ പ്രതിസന്ധിയില്‍ നിന്ന് തിരിച്ചുവരാനാവും. വീണ്ടും വളര്‍ച്ച കൈവരിക്കാന്‍ ക്രിക്കറ്റിന സാധിക്കും. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് 
വലിയൊരു ബഹുമതിയായിട്ടാണ് കാണുന്നത്.  ക്രിക്കറ്റിനെ നമുക്ക് ഒരുമിച്ച് മുന്നോട്ടു നയിക്കാം.'' അദ്ദേഹം പറഞ്ഞു.