Asianet News MalayalamAsianet News Malayalam

റാഷിദ് ഖാന്‍ എന്ന വന്‍മരം വീണു; ട്വന്‍റി 20യില്‍ പുതിയ നമ്പര്‍ 1 ബൗളര്‍, ഉദിച്ചുയര്‍ന്ന് രവി ബിഷ്‌ണോയി

ഇന്ത്യയുടെ രവി ബിഷ്‌ണോയി 699 റേറ്റിംഗുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ടാം റാങ്കിലേക്ക് പിന്തള്ളപ്പെട്ട അഫ്‌ഗാന്‍റെ റാഷിദ് ഖാന് 692 റേറ്റിംഗാണുള്ളത്

New cricket history Team India spinner Ravi Bishnoi becomes World No 1 Mens T20I bowler
Author
First Published Dec 6, 2023, 6:16 PM IST

ദുബായ്: പുരുഷ ക്രിക്കറ്റര്‍മാരുടെ രാജ്യാന്തര ട്വന്‍റി 20 റാങ്കിംഗില്‍ ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മികവുമായി 23കാരനായ രവി ബി‌ഷ്‌ണോയി ടി20 ബൗളര്‍മാരില്‍ ഒന്നാം റാങ്കുകാരനായി. അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്‍ വിസ്‌മയം റാഷിദ് ഖാനെ പിന്തള്ളിയാണ് ബിഷ്ണോയി തലപ്പത്തെത്തിയത്. ഓസീസിനെതിരെ സീരീസ് ഇന്ത്യ 4-1ന് നേടിയപ്പോള്‍ 5 കളികളില്‍ 9 വിക്കറ്റ് വീഴ്‌ത്തി രവി ബിഷ്‌ണോയി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ഫെബ്രുവരിയില്‍ രാജ്യാന്തര ടി20 അരങ്ങേറ്റം കുറിച്ച രവി ബിഷ്‌ണോയി 21 മത്സരങ്ങളില്‍ 34 വിക്കറ്റുകളാണ് ഇതുവരെ നേടിയത്.

ഇന്ത്യയുടെ രവി ബിഷ്‌ണോയി 699 റേറ്റിംഗുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ടാം റാങ്കിലേക്ക് പിന്തള്ളപ്പെട്ട അഫ്‌ഗാന്‍റെ റാഷിദ് ഖാന് 692 റേറ്റിംഗാണുള്ളത്. ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക മൂന്നും (679 റേറ്റിംഗ്), ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് നാലും (679), ലങ്കയുടെ തന്നെ മഹീഷ് തീക്ഷന അഞ്ചും (677) സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. രവി ബിഷ്‌ണോയിയെ കൂടാതെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരും ആദ്യ പത്തിലില്ല. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11 സ്ഥാനത്തെത്തിയ സ്‌പിന്ന‍ര്‍ അക്‌സര്‍ പട്ടേലാണ് ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ മികച്ച സ്ഥാനത്തുള്ള രണ്ടാമത്തെ ഇന്ത്യന്‍ ബൗളര്‍. ഓസീസിനെതിരെ അഞ്ച് കളികളില്‍ ആറ് വിക്കറ്റ് നേടിയ അക്‌സര്‍ അവസാന ട്വന്‍റി 20യിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

അതേസമയം ബാറ്റര്‍മാരില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് 855 റേറ്റിംഗ് പോയിന്‍റുകളുമായി തലപ്പത്ത് തുടരുകയാണ്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ (787), ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം (756), പാകിസ്ഥാന്‍റെ തന്നെ ബാബര്‍ അസം (734), ദക്ഷിണാഫ്രിക്കയുടെ റൈലി റൂസ്സോ (702) എന്നിവരാണ് പിന്നിടുള്ള സ്ഥാനങ്ങളില്‍. 688 റേറ്റിംഗുമായി ഏഴാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്‌ക്‌വാദാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. ഇന്ത്യ-ഓസീസ് പരമ്പരയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ (223 റണ്‍സ്) റുതുവായിരുന്നു. അതേസമയം ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ (272 റേറ്റിംഗ്) തലപ്പത്ത് തുടരുമ്പോള്‍ അഫ്‌ഗാന്‍റെ മുഹമ്മദ് നബി (210), ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ (204) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Read more: 'മനസിലായോ സാറേ'; മുഷ്‌ഫീഖുര്‍ റഹീമിന്‍റെ വിചിത്ര പുറത്താകലില്‍ ട്രോള്‍ ഷാക്കിബ് അല്‍ ഹസന്, രൂക്ഷ പരിഹാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios