കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ചുറ്റുമുള്ള പ്രദേശം 30 ഏക്കറാണുള്ളത്. ദേശീയ പാതയും സമീപ പ്രേദശത്തുകൂടെ കടന്നുപോകുന്നുണ്ട്. സാഹചര്യങ്ങളെല്ലാം അനൂകൂലമായ സ്ഥിതിക്ക് സ്‌റ്റേഡിയം ഇവിടെ തന്നെ പൂര്‍ത്തിയാക്കിയേക്കും.

കൊച്ചി: അത്യാധുനിക രീതിയിലുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്. കൊച്ചി, നെടുമ്പാശേരിയിലായിരിക്കും സ്റ്റേഡിയം പണി കഴിപ്പിക്കുക. ഐപിഎല്‍ താരലേലത്തിനായി കൊച്ചിയിലെത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ കെസിഎ ഭാരവാഹികള്‍ക്കൊപ്പം അത്താണിക്കടുത്തുള്ള സ്ഥലം പരിശോധിച്ചു. മുന്‍പ് ഇടകൊച്ചിയില്‍ നിശ്ചയിച്ചിരുന്ന സ്റ്റേഡിയം നിയമപ്രശ്‌നങ്ങളെ തുടര്‍ന്നാണ് നെടുമ്പാശേരിയിലേക്ക് മാറ്റുന്നത്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ചുറ്റുമുള്ള പ്രദേശം 30 ഏക്കറാണുള്ളത്. ദേശീയ പാതയും സമീപ പ്രേദശത്തുകൂടെ കടന്നുപോകുന്നുണ്ട്. സാഹചര്യങ്ങളെല്ലാം അനൂകൂലമായ സ്ഥിതിക്ക് സ്‌റ്റേഡിയം ഇവിടെ തന്നെ പൂര്‍ത്തിയാക്കിയേക്കും. പരിശോധനയില്‍ ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ തൃപ്തി അറിയിച്ചതാണ് വിവരം. സ്ഥലം വിട്ടുകൊടുക്കാന്‍ ഭൂവുടമകളും തയ്യാറാാണ്.

ജയ് ഷായ്‌ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞതിങ്ങനെ... ''ജയ് ഷാ സ്ഥലത്തിന്റെ കാര്യത്തില്‍ പൂര്‍ണ തൃപ്തി അറിയിച്ചിട്ടുണ്ട്. എയര്‍ പോര്‍ട്ടും നാഷണല്‍ ഹൈവേയും അടുത്തായത് അനുകൂല ഘടകമാണ്. എന്നാല്‍ ചില ഹര്‍ഡിലുകള്‍ മറികടക്കേണ്ടതുണ്ട്. വയലും കൃഷിയിടവും അടങ്ങിയതാണ് പ്രദേശം. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. 2018ല്‍ പ്രളയ ബാധിച്ച പ്രേദേശം കൂടിയാണിത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.'' ജയേഷ് ജോര്‍ജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്‌റ്റേഡിയമായിരിക്കും പണിയുകയെന്നും ജയേഷ് കൂട്ടിചേര്‍ത്തു.

സ്വന്തമായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്ലാത്ത ചുരുക്കം ക്രിക്കറ്റ് ബോര്‍ഡുകളില്‍ ഒന്നാണ് കെസിഎ. സ്വന്തം സ്റ്റേഡിയങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുമതിയുള്ളൂ. സ്വന്തം സ്റ്റേഡിയം വരുന്നതോടെ ഐപിഎല്‍ മത്സരങ്ങളും കേരളത്തിന് ലഭിച്ചേക്കും. നിലവില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമാണ് നടക്കുന്നത്. തിരുവനന്തപുരത്ത്, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങളും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കെസിഎ ലീസിനെടുത്തിരുന്നു.

ഐപിഎല്‍ താരലേലം: മലയാളി താരങ്ങളില്‍ രോഹന്‍ കുന്നുമ്മലും ഷോണ്‍ ജോര്‍ജും ശ്രദ്ധാകേന്ദ്രം