മുംബൈ:  മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ പുതിയ അവതാരം പരിചയപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍റെ ട്വിറ്ററിലൂടെയുള്ള ചലഞ്ച് ഏറ്റെടുത്ത് സച്ചിന്‍ മുന്‍പ് ആലപിച്ച 'ക്രിക്കറ്റ് വാലി ബീറ്റ് പേ' എന്ന ഗാനം റാപ്പ് ഗാനമായി ആലപിച്ച് കാംബ്ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് ഷെയര്‍ ചെയ്താണ് സച്ചിന്‍ പറയുന്നത്. ടൗണിലെ പുതിയ റാപ്പര്‍ എത്തിയതെന്ന്. ഫെബ്രുവരി 3ന് കാംബ്ലി റെക്കോഡ് ചെയ്ത ഗാനം ബുധനാഴ്ചയാണ്  ട്വിറ്ററിലൂടെ പങ്കുവച്ചത്.

പ്രിയപ്പെട്ട മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ഒരിക്കല്‍ ഞാന്‍ തീരുമാനം എടുത്താല്‍, പിന്നെ ഞാന്‍ എന്‍റെ വാക്ക് പോലും കേള്‍ക്കില്ല, എന്ന പഞ്ച് ലൈനോടെയാണ് തന്‍റെ റാപ്പ് സോംഗ് കാംബ്ലി പങ്കുവച്ചത്. സല്‍മാന്‍റെ ബോളിവുഡ് സിനിമ വാണ്ടഡിലെ സംഭാഷണമായിരുന്നു അത്. ഉടന്‍ തന്നെ ഗാനം റീട്വീറ്റ് ചെയ്ത് സച്ചിന്‍റെ മറുപടി എത്തി, ഇതിപ്പോ പട്ടണത്തില്‍ പുതിയ റാപ്പര്‍ അവതരിച്ചപോലെയുണ്ടല്ലോ.

എന്തായാലും മികച്ച പ്രതികരണമാണ് കാംബ്ലിയുടെ പുതിയ സംഗീത രംഗത്തെ ഇന്നിംഗ്സ് ഓപ്പണിംഗിന് ലഭിക്കുന്നത്. 2017 ല്‍ ഇതേ ഗാനം സച്ചിന്‍ സോനു നിഗത്തിനൊപ്പം പാടിയിട്ടുണ്ട്. അന്ന് ലോകകപ്പ് കളിക്കാര്‍ക്ക് വേണ്ടിയാണ് ഗാനം സമര്‍പ്പിച്ചത്. 

കഴിഞ്ഞ ജനുവരി 21ന് കാംബ്ലിയെ ട്വിറ്ററിലൂടെ സച്ചിന്‍ ചലഞ്ച് ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്‍റെ ക്രിക്കറ്റ് വാലി ഗാനം റാപ്പ് ഗാനമായി പാടണം എന്നായിരുന്നു ചലഞ്ച്.