സതാംപ്‌ടണ്‍: മൂന്നാം ഏകദിനം അവസാന ഓവര്‍ ത്രില്ലറായപ്പോള്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്. ഏഴ് വിക്കറ്റിനാണ് ജയം. ആതിഥേയർ ഉയർത്തിയ 329 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ അയർലൻഡ് മറികടന്നു. പോൾ സ്റ്റിർലിങും ആൻഡ്ര്യു ബാൽബിർനിയും നേടിയ സെഞ്ചുറികളാണ് അയര്‍ലന്‍ഡിന് ജയമൊരുക്കിയത്.

ഓപ്പണറായിറങ്ങി 128 പന്തിലാണ് പോൾ സ്റ്റിർലിങ് 142 റൺസെടുത്തത്. ബാൽബിർനി 112 പന്തില്‍ 113 റണ്‍സ് നേടി. സ്റ്റിർലിങ് ആണ് മാൻ ഓഫ് ദ മാച്ച്. 

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് ഓപ്പണര്‍ ഗാരെത് ഡെലാനിയെ ഒന്‍പതാം ഓവറില്‍ നഷ്‌ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ സ്റ്റിർലിങും ബാൽബിർനിയും ചേര്‍ത്ത 214 റണ്‍സ് അയര്‍ലന്‍ഡിന്‍റെ പ്രതീക്ഷകള്‍ ഉയര്‍ത്തി. ഇരുവരും പുറത്തായശേഷം ഹാരി ടെക്റ്ററും(29*) കെവിന്‍ ഒബ്രൈനും(21*) അയര്‍ലന്‍ഡിനെ അവസാന ഓവറില്‍ ജയത്തിലെത്തിച്ചു. 

നേരത്തെ നായകൻ ഓയിൻ മോർഗന്‍റെ സെഞ്ചുറിക്കരുത്തിലാണ് ഇംഗ്ലണ്ട് വമ്പന്‍ സ്കോർ നേടിയത്. മോർഗൻ 84 പന്തിൽ 106 റൺസെടുത്തു. ടോം ബാന്‍റണ്‍(58), ഡേവിഡ് വില്ലി(51) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇംഗ്ലണ്ടിന് കരുത്തായി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കി. ഡേവിഡ് വില്ലിയാണ് പരമ്പരയിലെ താരം. 

ഐപിഎല്‍ താരങ്ങളുടെ കൊവിഡ് പരിശോധന; ബിസിസിഐ മാര്‍ഗനിര്‍ദേശം ഇങ്ങനെ

'ക്യാപ്റ്റന്‍' ധോണിയുടെ സിക്സര്‍ റെക്കോര്‍ഡ് കൂളായി മറികടന്ന് ഓയിന്‍ മോര്‍ഗന്‍