ഓക്‌ലന്‍ഡ്: റണ്ണൊഴുകിയ ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ടി20യില്‍ പിറന്നത് ഒരു അപൂര്‍വ റെക്കോഡ്. അഞ്ച് അര്‍ധ സെഞ്ചുറികളാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത്. ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ടി20 മത്സരത്തില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ പിറക്കുന്നത്. ന്യൂസിലന്‍ഡ് താരങ്ങളായ കോളിന്‍ മണ്‍റോ (59), കെയ്ന്‍ വില്യംസണ്‍ (51), റോസ് ടെയ്‌ലര്‍ (54) ഇന്ത്യയുടെ കെ എല്‍ രാഹുല്‍ (56), ശ്രയസ് അയ്യര്‍ (51) എന്നിവരാണ് അര്‍ധ സെഞ്ചുറികള്‍ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ  ന്യൂസിലന്‍ഡിന് വേണ്ടി ആദ്യം അര്‍ധ സെഞ്ചുറി നേടിയത് മണ്‍റോയായാണ്. 42 പന്ത് നേരിട്ട താരം ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് 59 റണ്‍സെടുത്തത്. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും വെറുതിയിരുന്നില്ല. ക്ലാസിക് പ്രകടനങ്ങള്‍ക്ക് പേരുകേട്ട വില്യംസണ്‍ അതിവേഗം റണ്‍സ് കണ്ടെത്തി. 26 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് വില്യംസണ്‍ 51 റണ്‍സെടുത്തത്. അഞ്ചാമനായി ഇറങ്ങിയ റോസ് ടെയ്‌ലറാവട്ടെ വെറും 27 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 54 റണ്‍സെടുത്തു.

കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആദ്യം ആര്‍ധ സെഞ്ചുറി നേടിയത്. 27 പന്ത് മാത്രം നേരിട്ട രാഹുല്‍ മൂന്ന് സിക്‌സും നാല് ഫോറും പായിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ 29 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടി. വിരാട് കോലിക്ക് അര്‍ധ സെഞ്ചുറി നഷ്ടമായത് അഞ്ച് റണ്‍സിനാണ്.