ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ മൂന്നാംദിനം സുരക്ഷിതമായി അവസാനിപ്പിച്ച് ഇന്ത്യ എ. ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 127-2 എന്ന നിലയിലാണ്. പ്രിയങ്ക് പാഞ്ചലും(67*) ശുഭ്‌മാന്‍ ഗില്ലുമാണ്(33*) ക്രീസില്‍. ന്യൂസിലന്‍ഡ് സ്‌കോറിനേക്കാള്‍ 219 റണ്‍സ് പിന്നിലാണ് നിലവില്‍ ഇന്ത്യ എ.

ഓപ്പണര്‍മാരായ അഭിമന്യു ഈശ്വരനെയും(26), മായങ്ക് അഗര്‍വാളിനെയും(0) ആണ് മൂന്നാംദിനം ഇന്ത്യ എയ്‌ക്ക് നഷ്‌ടമായത്. അജാസ് പട്ടേലിനും മൈക്കല്‍ റേയ്‌ക്കുമാണ് വിക്കറ്റ്. നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡണ്‍ ഡക്കാവുകയായിരുന്നു മായങ്ക്. 

നേരത്തെ ഇന്ത്യയുടെ 216 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് എ ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 562 റണ്‍സാണ് നേടിയത്. വിക്കറ്റ് കീപ്പര്‍ ഡെയ്‌ന്‍ ക്ലീവര്‍(196), മാര്‍ക് ചോപ്‌മാന്‍(114) എന്നിവരുടെ സെഞ്ചുറികളാണ് ന്യൂസിലന്‍ഡ് എയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വില്‍ യംഗ് 54 ഉം കോള്‍ 50* ഉം രചിന്‍ രവീന്ദ്ര 47 ഉം റണ്‍സെടുത്തു. മലയാളി താരം സന്ദീപ് വാര്യരും ഇഷാന്‍ പോരലും രണ്ട് വിക്കറ്റ് വീതമെടുത്തു.

നേരത്തെ 83 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യ എയെ 216ലെത്തിച്ചത്. നായകന്‍ ഹനുമാ വിഹാരി 51 റണ്‍സെടുത്തു. വെറും 54.1 ഓവര്‍ മാത്രമാണ് ഇന്നിംഗ്‌സ് നീണ്ടത്. 18 റണ്‍സ് വീതം നേടിയ പ്രിയങ്ക് പാഞ്ചലും ഷഹ്‌ബാദ് നദീമുമാണ് മറ്റ് ഉയര്‍ന്ന സ്‌കോറുകാര്‍. ഇന്ത്യന്‍ താരങ്ങളില്‍ അഞ്ച് പേര്‍ രണ്ടക്കം കണ്ടില്ല. നാല് വിക്കറ്റുമായി മൈക്കലും മൂന്ന് പേരെ പുറത്താക്കി കോളുമാണ് ഇന്ത്യയെ തകര്‍ത്തത്. ജേക്കബ് രണ്ടും സീന്‍ ഒരു വിക്കറ്റും വീഴ്‌ത്തി.