ഗാലെ: ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 249ന് എല്ലാവരും പുറത്ത്. രണ്ടാം ദിനം അഞ്ചിന് 203 എന്ന നിലയില്‍ കളി ആരംഭിച്ച ന്യൂസിലന്‍ഡ് 46 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ സുരംഗ ലക്മലാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഇന്നലെ അഞ്ച് വിക്കറ്റ് നേടിയ അകില ധനഞ്ജയ കിവീസ് മുന്‍നിരയെ തകര്‍ത്തിരുന്നു. 86 റണ്‍സ് നേടിയ റോസ് ടെയ്‌ലറാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിട്ടുണ്ട്. 

ദിമുത് കരുണാരത്‌നെ (39) ലാഹിരു തിരിമാനെ (10), കുശാല്‍ മെന്‍ഡിസ് (53), കുശാല്‍ പെരേര (1), ധനഞ്ജയ ഡിസില്‍വ (5) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. എയഞ്ചലോ മാത്യൂസ് (47), നിരോഷന്‍ ഡിക്ക്വെല്ല (0) എന്നിവരാണ് ക്രീസില്‍. കിവീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനിയും 94 റണ്‍സ് കൂടി വേണം. കിവീസിനായി അജാസ് പട്ടേല്‍ നാലും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെ ടെയ്‌ലര്‍ ആദ്യം മടങ്ങി. പിന്നീട് എല്ലാം ചടങ്ങ് മാത്രമായിരുന്നു ലങ്കന്‍ ബൗളര്‍മാര്‍ക്ക്.