മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ പരിക്ക് ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന കിവികള്‍ക്ക് കനത്ത രണ്ടാം തിരിച്ചടിയാണ്
ക്രൈസ്റ്റ് ചര്‍ച്ച്: ഏകദിന ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടിയായി പരിക്ക്. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റിനിടെ പരിക്കേറ്റ മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചു. ബ്രേസ്‌വെല്‍ നാളെ യുകെയില്‍ ശസ്‌ത്രക്രിയക്ക് വിധേയനാകും. ശസ്‌ത്രക്രിയക്ക് ശേഷം തുടര്‍ ചികില്‍സകള്‍ക്കും പരിശീലനത്തിനുമായി താരത്തിന് ഏറെ സമയം വേണ്ടിവരും. ആറ് മുതല്‍ എട്ട് മാസം വരെ താരത്തിന് പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്.
മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ പരിക്ക് ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന കിവികള്‍ക്ക് കനത്ത രണ്ടാം തിരിച്ചടിയാണ്. പരിക്കേറ്റ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തിലാണ്. 'ഇപ്പോള്‍ പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് ലോകകപ്പാണ് നഷ്‌ടമാകാന്‍ പോകുന്നത്. രാജ്യാന്തര അരങ്ങേറ്റത്തിന് ശേഷമുള്ള 15 മാസങ്ങള്‍ അദേഹത്തിന് മികച്ചതായിരുന്നു. ബ്രേസ്‌വെല്‍ മികച്ച ടീം പ്ലെയറാണ്. ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും മികവ് കാട്ടുന്ന താരം ലോകകപ്പിലെ പ്രധാന ടീമംഗമായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. ശസ്‌ത്രക്രിയക്ക് ശേഷം രണ്ടാഴ്‌ച കഴിഞ്ഞ് മാത്രമേ ബ്രേസ്‌വെല്ലിന് നാട്ടിലേക്ക് മടങ്ങാനാകൂ. പരിക്ക് കായികയിനങ്ങളുടെ ഭാഗമാണ്. എന്നാല്‍ അതില്‍ നിന്ന് കരകയറുന്നതിലാണ് ഇനി ശ്രദ്ധ' എന്നും കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡ് വ്യക്തമാക്കി.
നെതര്‍ലന്‍ഡ്‌സിനെതിരെ 2022 മാര്‍ച്ച് 29ന് ഏകദിന അരങ്ങേറ്റം കുറിച്ച മൈക്കല്‍ ബ്രേസ്‌വെല്‍ 19 മത്സരങ്ങളില്‍ 42.50 ശരാശരിയില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്. ആറ്, ഏഴ് നമ്പറുകളില്‍ ഫിനിഷറുടെ റോളില്‍ തിളങ്ങുന്ന താരം നിര്‍ണായക വിക്കറ്റുകള്‍ എടുക്കുന്ന സ്‌പിന്നര്‍ കൂടിയാണ്. ഏകദിനത്തില്‍ 15 വിക്കറ്റുകള്‍ ഇതുവരെ വീഴ്‌ത്തി. ടീം ഇന്ത്യക്കെതിരെ ഹൈദരാബാദില്‍ 78 പന്തില്‍ 12 ഫോറും 10 സിക്‌സറും സഹിതം 140 റണ്‍സ് അടിച്ചുകൂട്ടി ബ്രേസ്‌വെല്‍ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇരട്ട സെഞ്ചുറി നേടിയ മത്സരത്തിലായിരുന്നു ബ്രേസ്‌വെല്ലിന്‍റെ ബ്രേവ് ഇന്നിംഗ്‌സ്. അയര്‍ലന്‍ഡിനെതിരെ 82 പന്തില്‍ പുറത്താവാതെ നേടിയ 127* റണ്‍സാണ് ബ്രേസ്‌വെല്ലിന്‍റെ മറ്റൊരു ശതകം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയാണ് ഏകദിന ലോകകപ്പിന് വേദിയാവുന്നത്.
Read more: തീപാറും, ആഷസ് പരമ്പരയിലും ബാസ്‌ബോള്‍; ഓസ്‌ട്രേലിയക്ക് കനത്ത മുന്നറിയിപ്പുമായി ബെന്‍ സ്റ്റോക്‌സ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
