ഹാമില്‍ട്ടണ്‍: ടി20 പരമ്പര നഷ്ടമായ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെങ്കിലും ഇന്ത്യയെ വീഴ്ത്താനുള്ള തയാറെടുപ്പിലാണ്. ഫെബ്രുവരി 5ന് ഹാമില്‍ട്ടണിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ട്രെന്റ് ബോള്‍ട്ട് അടക്കമുള്ള പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ കിവീസ് പുതുമുഖ പേസര്‍മാരെയാണ് ആശ്രയിക്കുന്നത്.

ഇവരില്‍ ഏറ്റവും ശ്രദ്ധേയന്‍ 'കില്ലാ'യെന്നും 'ടു മീറ്റര്‍ പീറ്റര്‍' എന്നും വിളിപ്പേരുള്ള കെയ്ല്‍ ജമൈസണാണ്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ബൗളറെന്ന് വിളിപ്പേരുള്ള ജമൈസണിന്റെ ഉയരം ആറടി എട്ട് ഇഞ്ചാണ്. ഇന്ത്യ എക്കെതിരെ നടത്തിയ മികച്ച പ്രകടനമാണ് ജമൈസണ് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്.

ഇന്ത്യ എക്കെതിരായ രണ്ട്  അനൗദ്യോഗിക ഏകദിന മത്സരങ്ങളില്‍ 49 റണ്‍സ് വഴങ്ങി നാലു വിക്കറ്റും 69 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ജമൈസണ്‍ വീഴ്ത്തിയിരുന്നു. ടിം സൗത്തിയാണ് കിവീസിന്റെ പേസ് പടയെ നയിക്കുക.

ടി 20 പരമ്പരയിലും ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസനും മാറ്റ് ഹെന്‍റിയും അടക്കമുള്ള പേസര്‍മാര്‍ കളിച്ചിരുന്നില്ല. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു