ഹാമിൽട്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് കൂറ്റൻ സ്‌കോര്‍. ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഇരട്ട സെഞ്ചുറിയുടെ മികവിൽ കിവീസ് ഏഴ് വിക്കറ്റിന് 519 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ടെസ്റ്റ് കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറി കണ്ടെത്തിയ വില്യംസണ്‍ 412 പന്തില്‍ 34 ഫോറും രണ്ട് സിക്‌സും സഹിതം 251 റണ്‍സെടുത്തു. 

രണ്ട് വിക്കറ്റിന് 243 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ആരംഭിച്ച ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലര്‍ അതിവേഗം മടങ്ങിയിരുന്നു. 38 റണ്‍സെടുത്ത ടെയ്‌ലറെ ഷാന്നന്‍ ഗബ്രിയേല്‍ പുറത്താക്കി. എന്നാല്‍ 97ല്‍ ബാറ്റിംഗിനിറങ്ങിയ വില്യംസണ്‍ അനായാസം 22-ാം ടെസ്റ്റ് ശതകം തികച്ചു. ടെയ്‌ലര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഹെന്‍‌റി നിക്കോള്‍സ്(7), ടോം ബ്ലന്‍ഡല്‍(14), ഡാരി മിച്ചല്‍(9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ വാലറ്റക്കാരന്‍ ജാമീസണിനെ കൂട്ടുപിടിച്ച് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചു വില്യംസണ്‍. ഇതിനിടെ 369 പന്തില്‍ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍. 

250 പിന്നിട്ട വില്യംസണെ അല്‍സാരി ജോസഫാണ് പുറത്താക്കിയത്. ജാമീസണ്‍ 51 റണ്‍സുമായും സൗത്തി 11 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ടോം ലാഥം, വില്‍ യങ് എന്നിവരുടെ വിക്കറ്റ് ന്യൂസിലന്‍ഡിന് ആദ്യദിനം നഷ്‌ടമായിരുന്നു. ലാഥം 86 റണ്‍സും യങ് അഞ്ചും റണ്ണാണ് നേടിയത്. വിന്‍ഡീസിനായി കെമര്‍ റോച്ചും ഷാന്നന്‍ ഗബ്രിയേലും മൂന്ന് വീതവും അല്‍സാരി ജോസഫ് ഒരു വിക്കറ്റും നേടി. 

സഞ്ജു ഇറങ്ങുമോ? ഇന്ത്യ-ഓസീസ് ആദ്യ ടി20 ഇന്ന്; പ്ലേയിംഗ് ഇലവന്‍ ആകാംക്ഷയില്‍