കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ന്യൂസിലന്‍ഡ് ഭേദപ്പെട്ട നിലയില്‍. മഴ കാരണം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 68 ഓവറില്‍ അഞ്ചിന് 203 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. കിവീസ് നിരയില്‍ വീണ അഞ്ച് വിക്കറ്റും വീഴ്ത്തിയത് അകില ധനഞ്ജയയാണ്. 57 വഴങ്ങിയാണ് ലങ്കന്‍ സ്പിന്നര്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. 86 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്ന റോസ് ടെയലറാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ടോം ലാതം (30) ജീത് റാവല്‍ (33) എന്നിവര്‍ നല്‍കിയത്. ഇരുവരും 64 കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലാതം പുറത്തായ ശേഷം കിവീസ് തകര്‍ന്നു. വില്യംസണ്‍ (0), ഹെന്റി നിക്കോള്‍സ് (42), ബി ജെ വാട്‌ലിങ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടെയ്‌ലര്‍ക്കൊപ്പം മിച്ചല്‍ സാന്റ്‌നറാണ് (8) ക്രീസില്‍. 

നാലാം വിക്കറ്റില്‍ 100 കൂട്ടിച്ചേര്‍ത്ത നിക്കോള്‍സ്- ടെയ്‌ലര്‍ സഖ്യമാണ് സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ടെയ്‌ലര്‍ ഇതുവരെ ആറ് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.