ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിന് ത്രസിപ്പിക്കുന്ന ജയം. കിരീടപ്രതീക്ഷയോടെ ടൂര്‍ണമെന്റിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. ഇതോടെ കിവീസ് സെമിയില്‍ പ്രവേശിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 47.5 ഓവറില്‍ 238ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ കിവീസ് 49.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഒരുഘട്ടത്തില്‍ എട്ടിന് 153 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍  ജോ ഫീല്‍ഡ് (38), ക്രിസ്റ്റ്യന്‍ ക്ലര്‍ക്ക് (46) എന്നിവര്‍ കൂട്ടിച്ചേര്‍ത്ത 86 റണ്‍സ് കിവീസിന് അവിസ്മരണീയ ജയം സമ്മാനിച്ചു.

ന്യൂസിലന്‍ഡിന്റെ മുന്‍നിര തകര്‍ന്നപ്പോഴാണ് വാലറ്റം വിജയം സമ്മാനിച്ചത്. ക്വന്‍ സന്‍ഡെ (32), സിമോണ്‍ കീന്‍ (33), ഫെര്‍ഗസ് ലെല്‍മാന്‍ (29), റൈസ് മാരിയൂ (26) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. അഷ്‌മെയ്ഡ് നെഡ് വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ്വ ജയിംസ്, മാത്യൂ ഫോര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ കിര്‍ക്ക് മെക്കന്‍സിയുടെ 99 റണ്‍സാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കെല്‍വന്‍ ആന്‍ഡേഴ്‌സണ്‍ (33), അന്റോണിയോ മോറിസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് നാലും ജോ ഫീല്‍ഡ്, ജെസ്സെ അഷ്‌കോഫ് രണ്ടും വിക്കറ്റും വീഴ്ത്തി.