വെല്ലിങ്ടണ്‍: ടി20 ക്രിക്കറ്റില്‍ നാണക്കേടിന്റെ റെക്കോഡ് സ്വന്തം പേരില്‍ ഏഴുതിചേര്‍ത്ത് ന്യൂസലന്‍ഡ്. ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തോല്‍വിയെന്ന അനാവശ്യ റെക്കോഡാണ് കിവീസിന്റെ പേരിലായത്. 23 തോല്‍വികളാണ് ന്യൂസിലന്‍ഡിന്റെ അക്കൗണ്ടിലുള്ളത്. ശ്രീലങ്കയും ഇത്രയും മത്സരങ്ങള്‍ തോല്‍വി അറിഞ്ഞിട്ടുണ്ട്. ഇന്ത്യക്കെതിരായി അവസാന ടി20 മത്സരവും പരാജയപ്പെട്ടപ്പോഴാണ് കിവീസ് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ നേട്ടം ലഭിച്ചത്.

59 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ കളിച്ചത്. ഇതില്‍ 23 മത്സരങ്ങളിലും തോല്‍വി ആയിരുന്നു ഫലം. ശ്രീലങ്ക 40 മത്സരങ്ങള്‍ നാട്ടില്‍ ഒരുക്കി. 23 മത്സരങ്ങളില്‍ പരാജയപ്പെടുകയായിരുന്നു. ബംഗ്ലാദേശ് നാട്ടില്‍ കളിച്ച 37 മത്സരങ്ങളില്‍ 22ലും പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കയാവട്ടെ 57ല്‍ 22 മത്സരങ്ങളിലാണ് പരാജയം അറിഞ്ഞത്. സിംബാബ്‌വെ 24 മത്സരം കളിച്ചപ്പോള്‍ 21ലും തോല്‍വി ആയിരുന്നു  ഫലം. വെസ്റ്റ് ഇന്‍ഡീസ് 43 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 20ലും തലതാഴ്ത്തി.

ഇന്ത്യക്കെതിരായ പരമ്പരയില്‍ 0-5ന്റെ നാണംകെട്ട തോല്‍വിയാണ് ന്യൂസിലന്‍ഡ് ഏറ്റുവാങ്ങിയത്. മൂന്നും നാലും മത്സരങ്ങളിലെ വിജയികളെ സൂപ്പര്‍ ഓവറിലൂടെയാണ് തിരഞ്ഞെടുത്തത്. പരമ്പര നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ടി20 പരമ്പരകള്‍ സ്വന്തമാക്കിയെന്ന റെക്കോഡ് കോലിക്ക് സ്വന്തമായിരുന്നു.