സിഡ്‌നി: ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ തുടക്കം നേടിയ ഓസ്‌ട്രേലിയയെ മെരുക്കി ന്യൂസിലന്‍ഡ്. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിന് 258 റണ്‍സ് മാത്രമാണ് ആരോണ്‍ ഫിഞ്ചും സംഘവും നേടിയത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും മാര്‍നസ് ലബുഷെയ്‌നും അര്‍ധ സെഞ്ചുറി നേടി. മധ്യനിരയുടെ തകര്‍ച്ചയാണ് സ്വന്തം മണ്ണില്‍ ഓസീസിന് തിരിച്ചടിയായത്. 

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. 88 പന്തില്‍ 67 റണ്‍സെടുത്ത് ഡേവിഡ് വാര്‍ണര്‍ പുറത്താകുമ്പോള്‍ ടീമിന് 124 റണ്‍സുണ്ടായിരുന്നു. ആരോണ്‍ ഫിഞ്ച് 75 പന്തില്‍ 60 റണ്‍സെടുത്ത് മടങ്ങി. പിന്നീട് വന്നവരില്‍ മാര്‍നസ് ലബുഷെയ്‌ന്‍ മാത്രമാണ് പിടിച്ചുനിന്നത്. സൂപ്പര്‍താരം സ്റ്റീവ് സ്‌‌മിത്ത് 14 റണ്‍സിനും ഡാര്‍സി ഷോര്‍ട്ട് അഞ്ചിനും വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ഒരു റണ്ണിലും പുറത്തായി. 

ഇരുപത്തിയേഴ് റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ്, ലബുഷെയ്‌നൊപ്പം അഞ്ചാം വിക്കറ്റില്‍ ചേര്‍ത്ത 59 റണ്‍സാണ് ഓസീസിന് അല്‍പമെങ്കിലും ആശ്വാസമായത്. ലബുഷെയ്‌ന്‍ 46 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. ലബുഷെയ്‌നും പാറ്റ് കമ്മിന്‍സിനും അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുക്കാനായില്ല. ലബുഷെയ്‌ന്‍ 56 റണ്‍സുമായി അവസാന ഓവറില്‍ പുറത്തായി. 

50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 11 പന്തില്‍ 14 റണ്‍സുമായി പാറ്റ് കമ്മിന്‍സും നാല് പന്തില്‍ ഒന്‍പത് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും പുറത്താകാതെ നിന്നു. കിവീസിനായി ഇഷ് സോധി മൂന്നും മിച്ചല്‍ സാന്‍റ്‌നറും ലോക്കി ഫെര്‍ഗുസനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.