കഴിഞ്ഞ ദിവസം നടത്തിയ സ്‌കാനിംഗിന് ശേഷം വലത് കാല്‍മുട്ടിലെ മുന്‍ഭാഗത്തെ ക്രൂസിയേറ്റ് ലിഗമെന്റിന് വിള്ളല്‍ സംഭവിച്ചതായി കണ്ടെത്തി. ശസ്ത്രക്രിയ ഇല്ലാതെ പരിക്കില്‍ നിന്ന് മോചിതനാവാന്‍ വില്യംസണ് സാധിക്കില്ല.

വെല്ലിംഗ്ടണ്‍: ഏകദിന ലോകകപ്പിനൊരുങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത നഷ്ടം. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ അവരുടെ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ സേവനം ലഭിക്കില്ല. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളിക്കുമ്പോഴേറ്റ പരിക്കാണ് വില്യംസണ് വിനയായത്.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കുന്നത്. മൂന്ന് ആഴ്ച്ചയ്ക്കിടെ വില്യംസണ്‍ ശസ്ത്രക്രിയക്ക് വിധേയനാവും. ലോകകപ്പിന് മുമ്പ് അദ്ദേഹത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ ആയേക്കില്ലെന്ന് ബ്ലാക്ക് ക്യാപ്‌സ് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടത്തിയ സ്‌കാനിംഗിന് ശേഷം വലത് കാല്‍മുട്ടിലെ മുന്‍ഭാഗത്തെ ക്രൂസിയേറ്റ് ലിഗമെന്റിന് വിള്ളല്‍ സംഭവിച്ചതായി കണ്ടെത്തി. ശസ്ത്രക്രിയ ഇല്ലാതെ പരിക്കില്‍ നിന്ന് മോചിതനാവാന്‍ വില്യംസണ് സാധിക്കില്ല. പരിക്ക് വിഷമിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ എത്രയും പെട്ടന്ന് തിരിച്ചെത്താനുള്ള ശ്രമത്തിലാണെന്നും വില്യംസണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

Scroll to load tweet…

2019 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലേക്ക് നയിച്ചത് വില്യംസണായിരുന്നു. ഫൈനല്‍ മത്സരം ടൈ ആയി അവസാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെ ഇംഗ്ലണ്ട് ചാംപ്യന്മാരായി. ലോകകപ്പിലെ 10 മത്സരങ്ങളില്‍ 578 റണ്‍സ് വില്യംസണ്‍ നേടിയിരുന്നത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാമനായിരുന്നു താരം.

View post on Instagram

പരിക്കില്‍ ന്യൂസിലന്‍ജ് കോച്ച് ഗാരി സ്‌റ്റെഡും പ്രതികരിച്ചു. എന്തെങ്കിലും പ്രതീക്ഷ നല്‍കാന്‍ ഞങ്ങളില്ലെന്നും ഇപ്പോള്‍ പറയാന്‍ കഴിയുക ലോകകപ്പ് നഷ്ടമായേക്കുമെന്നാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമാണ് പരിക്കിന്റെ ആഴമെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll to load tweet…


ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ 13ാം ഓവറിലായിരുന്നു വില്യംസണിന് പരിക്കേല്‍ക്കുന്നത്. റിതുരാജ് ഗെയ്കവാദ് പൊക്കിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ വില്യംസണ്‍ തടയാന്‍ ശ്രമിച്ചു. പന്ത് സിക്സാവുന്നത് അദ്ദേഹം തടഞ്ഞെങ്കിലും കാല് കുത്തുന്നതില്‍ പിഴച്ചു. വേദനകൊണ്ട് പുളഞ്ഞ വില്യംസണ്‍ പിന്നീട് ബാറ്റ് ചെയ്യാനും എത്തിയിരുന്നില്ല. ഫിസിയോയുടെ സഹായത്തോടെയാണ് താരം ഗ്രൗണ്ട് വിട്ടത്. 

പരിക്കിനെ പിന്നാലെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. അതിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സിനോട് അദ്ദേഹം നന്ദി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വില്യംസണ്‍ കുറിച്ചിട്ടതിങ്ങനെ... ''കഴിഞ്ഞ രണ്ട് ദിവസത്തില്‍ എനിക്ക് എല്ലാവിധ പിന്തുണയും തന്ന ഗുജറാത്ത് ടൈറ്റന്‍സിനോട് കടപ്പെട്ടിരിക്കുന്നു. അതോടൊപ്പം കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. പരിക്കില്‍ നിന്ന് മോചിതനാവാനുള്ള യാത്രയിലാണ്, നാട്ടിലേക്ക് തിരിക്കുന്നു. നിങ്ങളുടെ സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.'' വില്യംസണ്‍ വ്യക്തമാക്കി.