ധാക്ക: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം മാറ്റി. കൊവിഡ് ആശങ്ക ഒഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഓഗസ്റ്റിലും സെപ്റ്റംബറിലുമായി ന്യൂസിലന്‍ഡ് ബംഗ്ലാദേശില്‍ രണ്ട് ടെസ്റ്റുകളാണ് കളിക്കാനിരുന്നത്.

Also Read: ഹഫീസ് ഉള്‍പ്പെടെ 7പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി ലക്ഷണങ്ങളില്ലാതെ കൊവിഡ്

കഴിഞ്ഞ ദിവസമാണ് മുന്‍ ബംഗ്ലാദേശ് നായകന്‍ മഷ്‌റഫി മൊര്‍ത്താസക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. പരമ്പരയുടെ പുതിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് പരമ്പര നടത്തുക വലിയ വെല്ലുവിളിയാണെന്നും അതിനാല്‍ പരമ്പര തല്‍ക്കാലത്തേക്ക് നീട്ടിവെക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി പറഞ്ഞു.

Also Read: നൊവാക് ജോക്കോവിച്ചിന് കൊവിഡ്, ടെന്നീസ് ലോകം ആശങ്കയില്‍

കൊവിഡ് ഭീതിയെത്തുടര്‍ന്ന് ജൂണില്‍ നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനവും മാറ്റി വെച്ചിരുന്നു. ബംഗ്ലാദേശില്‍ ഇതുവരെ 1,11500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1500 പേരാണ് ഇതുവരെ കൊവിഡ് മൂലം മരണമടഞ്ഞത്.