ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് നാലാം ഓവറില്‍ ഓപ്പണര്‍ സാക്ക് ക്രോളിയെ(2) നഷ്ടമായി. ആറാം ഓവറില്‍ ഒലി പോപ്പും(10), ഏഴാം ഓവറില്‍ ബെന്‍ ഡക്കറ്റും(90 മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 21 റണ്‍സ് മാത്രം.
വെല്ലിങ്ടണ്‍: വിക്കറ്റ് വീണാലും തകര്‍ത്തടിക്കുക എന്ന ബാസ്‌ബാള്‍ ശൈലി തുടര്‍ന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും കൂറ്റന്‍ സ്കോറിലേക്ക്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തില്‍ 21-3ലേക്ക് കൂപ്പുകുത്തിയെങ്കിലും ആദ്യ ദിനം മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ 315-3 എന്ന ശക്തമായ നിലയിലാണ്. 169 പന്തില്‍ 184 റണ്‍സുമായി ഹാരി ബ്രൂക്കും 182 പന്തില്‍ 101 റണ്‍സുമായി ജോ റൂട്ടും ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 294 റണ്‍സാണ് അടിച്ചെടുത്തത്. അതും 58 ഓവറില്‍. ഏകദിനശൈലിയില്‍ ടെസ്റ്റിലും ബാറ്റ് വീശുന്ന ഇംഗ്ലണ്ട് ഓവറില്‍ 4.85 ശരാശരിയിലാണ് ഇന്ന് റണ്‍സടിച്ചത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് നാലാം ഓവറില്‍ ഓപ്പണര്‍ സാക്ക് ക്രോളിയെ(2) നഷ്ടമായി. ആറാം ഓവറില്‍ ഒലി പോപ്പും(10), ഏഴാം ഓവറില്‍ ബെന്‍ ഡക്കറ്റും(90 മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 21 റണ്‍സ് മാത്രം. എന്നാല്‍ അവിടെ നിന്ന് ആക്രമണം ഏറ്റെടുത്ത ഹാരി ബ്രൂക്ക് റൂട്ടിനെ സാക്ഷി നിര്‍ത്തി അടിച്ചു തകര്‍ത്തു. ലഞ്ചിന് പിരിയുമ്പോള്‍ 101-3 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇംഗ്ലണ്ട്.
51 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബ്രൂക്ക് 107 പന്തില്‍ സെഞ്ചുറിയിലെത്തി. മറുവശത്ത് 122 പന്തിലാണ് റൂട്ട് അര്‍ധസെഞ്ചുറിയിലെത്തിത്. സെഞ്ചുറിക്ക് ശേഷം ബ്രൂക്കും അര്‍ധസെഞ്ചുറിക്ക് ശേഷം റൂട്ടും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് സ്കോര്‍ കുതിച്ചു. 145 പന്തില്‍ ബ്രൂക്ക് 150 പിന്നിട്ടപ്പോള്‍ 182 പന്തില്‍ റൂട്ട് സെഞ്ചുറിയിലെത്തി. 24 ബൗണ്ടറിയും അഞ്ച് സിക്സും പറത്തിയാണ് ബ്രൂക്ക് 169 പന്തില്‍ 184 റണ്‍സടിച്ച് പുറത്താകാതെ നില്‍ക്കുന്നത്. 101 റണ്‍സെടുത്ത റൂട്ട് ഏഴ് ബൗണ്ടറി നേടി. കിവീസിനായി മാറ്റ് ഹെന്‍റി രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.
