Asianet News MalayalamAsianet News Malayalam

10 ഇന്നിംഗ്‌സില്‍ അഞ്ച് ശതകം; ശരാശരി 119! കണ്ണഞ്ചിപ്പിക്കുന്ന റെക്കോര്‍ഡുമായി ടോം ലാഥം

ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ചുറിയുമായി(101*) ലാഥം ഹാമില്‍ട്ടണില്‍ കാണികള്‍ക്ക് നേര്‍ക്ക് ബാറ്റുയര്‍ത്തുമ്പോള്‍ ഒരു റെക്കോര്‍ഡും ആ ബാറ്റിലുണ്ടായിരുന്നു

New Zealand vs England 2nd Test Tom Latham Create Record
Author
Hamilton, First Published Nov 29, 2019, 12:16 PM IST

ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്‍റെ രക്ഷകനാവുകയായിരുന്നു ടോം ലാഥം. 39-2 എന്ന നിലയില്‍ തുടക്കത്തിലെ തകര്‍ന്ന ടീമിനെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ലാഥം കരകയറ്റി. ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ചുറിയുമായി(101*) ലാഥം ഹാമില്‍ട്ടണില്‍ കാണികള്‍ക്ക് നേരെ ബാറ്റുയര്‍ത്തുമ്പോള്‍ ഒരു റെക്കോര്‍ഡും ആ ബാറ്റിലുണ്ടായിരുന്നു.

കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ അഞ്ചാം സെഞ്ചുറിയാണ് ടോം ലാഥം എന്ന ഓപ്പണര്‍ കുറിച്ചത്. 10 ഇന്നിംഗ്‌സിനിടെ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടത്തിലെത്തി ഇതോടെ താരം. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല, ലാഥമിന്‍റെ ഈ മികവ് കൂടി കാണുക. 119.13 ശരാശരിയില്‍ 953 റണ്‍സാണ് ഈ ഇന്നിംഗ്‌സുകളില്‍ നിന്ന് ലാഥം അടിച്ചെടുത്തത്. 264*, 10, 176, 161, 4, 30, 45, 154, 8, 101* എന്നിങ്ങനെയാണ് സ്‌കോര്‍. 

സുരക്ഷിതം ന്യൂസിലന്‍ഡ്

ടോം ലാഥം രക്ഷകനായപ്പോള്‍ ഹാമില്‍ട്ടണില്‍ ആദ്യദിനം സുരക്ഷിതമായി പിരിയാന്‍ ന്യൂസിലന്‍ഡിനായി. മഴമൂലം നേരത്തെ സ്റ്റംപ് എടുത്തപ്പോള്‍ 173-3 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ജീത്ത് റാവല്‍(5), കെയ്‌ന്‍ വില്യംസണ്‍(4), റോസ് ടെയ്‌ലര്‍(53) എന്നിവരുടെ വിക്കറ്റുകളാണ് കിവികള്‍ക്ക് നഷ്ടമായത്. രണ്ടാം ദിനം ലാഥമിനൊപ്പം ഹെന്‍‌റി നിക്കോള്‍സ്(5) ബാറ്റിംഗ് പുനരാരംഭിക്കും. വോക്‌സ് രണ്ടും ബ്രോഡ് ഒരു വിക്കറ്റും നേടി. 

Follow Us:
Download App:
  • android
  • ios