ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ ആദ്യദിനം തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം ന്യൂസിലന്‍ഡിന്‍റെ തിരിച്ചുവരവ്. മഴയും വെളിച്ചക്കുറവും മൂലം ആദ്യ ദിനം നേരത്തെ സ്റ്റംപെടുത്തപ്പോള്‍ മൂന്ന് വിക്കറ്റിന് 173 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. 11-ാം ടെസ്റ്റ് സെഞ്ചുറി നേടിയ ടോം ലാഥമിന്‍റെ ഇന്നിംഗ്‌സാണ്(101*) ന്യൂസിലന്‍ഡിന് മോശം തുടക്കത്തിലും കരുത്തായത്. 

ഹാമില്‍ട്ടണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച കിവീസിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ ജീത്ത് റാവല്‍ അഞ്ചും നായകന്‍ കെയ്‌ന്‍ വില്യംസണ്‍ നാലിലും പുറത്താകുമ്പോള്‍ കിവീസ് സ്‌കോര്‍ ബോര്‍ഡില്‍ 39 റണ്‍സ് മാത്രം. ജീത്തിനെ ബ്രോഡും വില്യംസണെ വോക്‌സുമാണ് പുറത്താക്കിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ലാഥമിനൊപ്പം ഒന്നിച്ച റോസ് ടെയ്‌ലര്‍ ന്യൂസിലന്‍ഡിനെ കരകയറ്റി.

100 പന്തില്‍ 53 റണ്‍സെടുത്ത് ടെയ്‌ലര്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 155ലെത്തി കിവികള്‍. വോക്‌സിന് തന്നെയാണ് വിക്കറ്റ്. പിന്നാലെ ശതകം പൂര്‍ത്തിയാക്കി ലാഥം. 15 ബൗണ്ടറികള്‍ സഹിതമായിരുന്നു ലാഥമിന്‍റെ ഇന്നിംഗ്‌സ്. മൂന്ന് കിവീസ് താരങ്ങളും പുറത്തായത് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ ക്യാച്ചിലാണ്. ആദ്യദിനം അവസാനിപ്പിക്കുമ്പോള്‍ 173/3 എന്ന നിലയില്‍ ടീം നില്‍ക്കേ അഞ്ച് റണ്‍സുമായി ഹെന്‍‌റി നിക്കോള്‍സാണ് ലാഥമിന് കൂട്ട്.