നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ റെക്കോര്‍ഡ് സ്‌കോറുമായി ഇംഗ്ലണ്ട്. നായകന്‍ ഓയിന്‍ മോര്‍ഗനും ഡേവിഡ് മലാനും തകര്‍ത്തടിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 241 റണ്‍സെടുത്തു. മലാന്‍ 51 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 103 റണ്‍സും മോര്‍ഗന്‍ 41 പന്തില്‍ ഏഴ് വീതം ഫോറും സിക്‌സുമായി 91 റണ്‍സും നേടി. 

ടി20യില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇംഗ്ലണ്ടിന്‍റെ ഏതൊരു വിക്കറ്റിലെയും ഉയര്‍ന്ന ടി20 കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ് മലാനും മോര്‍ഗനും ചേര്‍ന്ന് സ്വന്തമാക്കി. ഇരുവരും 182 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 48 പന്തില്‍ നൂറ് തികച്ച മലാന്‍ ഇംഗ്ലണ്ടിന്‍റെ വേഗമേറിയ ടി20 സെഞ്ചുറിയുടെ റെക്കോര്‍ഡ് അടിച്ചെടുത്തു. 21 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ മോര്‍ഗന്‍ അന്താരാഷ്‌ട്ര ടി20യില്‍ ഒരു ഇംഗ്ലീഷ് താരത്തിന്‍റെ വേഗമേറിയ ഫിഫ്‌റ്റി എന്ന റെക്കോര്‍ഡും പേരിലാക്കി. 

മോശം തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എട്ട് റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോയെ മൂന്നാം ഓവറില്‍ നഷ്ടമായിരുന്നു. മറ്റൊരു ഓപ്പണര്‍ ടോം ബാന്‍ടണ്‍ നേടിയത് 31 റണ്‍സ്. എന്നാല്‍ മൂന്നാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ ഹിമാലന്‍ സ്‌കോറില്‍ എത്തിക്കുകയായിരുന്നു. അവസാന ഓവറിലെ നാലാം പന്തില്‍ മോര്‍ഗനെ വീഴ്‌ത്തിയാണ് സൗത്തി ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. അപ്പോഴേക്കും ഇംഗ്ലണ്ട് റണ്‍മല താണ്ടിയിരുന്നു.