വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ബിജെ വാട്‌ലിങ്ങിന്റെ (205) ഇരട്ട സെഞ്ചുറിയും മിച്ചല്‍ സാന്റ്‌നറുടെ (126) സെഞ്ചുറിയുമാണ് ടെസ്റ്റിനെ ആവേകരമായ അഞ്ചാം ദിവസത്തിലേക്ക് നയിക്കുന്നത്. ഇരുവരുടെ കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 615 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ആതിഥേയര്‍. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353ന് പുറത്തായിരുന്നു. 262ന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കിവീസ് നേടിയത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സന്ദര്‍ശകര്‍. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 55 നിലയിലാണ്. ഒരു ദിനം ശേഷിക്കെ ഇപ്പോഴും 207 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്. ഏഴ് വിക്കറ്റ് കൂടി നേടിയാല്‍ ന്യൂസിലന്‍ഡിന് ജയിക്കാം. 

ഡൊമിനിക് സിബ്ലി (12), റോറി ബേണ്‍സ് (31), ജാക്ക് ലീച്ച് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോ ഡെന്‍ലി (7)യാണ്  ക്രീസില്‍.  മിച്ചല്‍ സാന്റ്‌നര്‍ക്കാണ് മൂന്ന് വിക്കറ്റുകളും. നേരത്തെ വാട്‌ലിങ്- സാന്റ്‌നര്‍ സഖ്യത്തിന്റെ വിരോജിത ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 251 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സാന്റ്‌നറുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. വാട്‌ലിങ്ങിന്റെ ആദ്യ ഇരട്ട സെഞ്ചുറിയും. 24 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വാട്‌ലിങ്ങിന്റെ ഇന്നിങ്‌സ്. കോളിന്‍ ഡി ഗ്രാന്‍ഹോം (65), കെയ്ന്‍ വില്യംസണ്‍ (51) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ പ്രധാന സ്‌കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി സാം കറന്‍ മൂന്ന് വിക്കറ്റെടുത്തു. ജാക്ക് ലീച്ച്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.