ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ യുവതാരം പൃഥ്വി ഷാ അരങ്ങേറ്റം കുറിക്കുമെന്ന് ടീം ഇന്ത്യ നായകന്‍ വിരാട് കോലി. ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് പൃഥ്വി ഷായെ ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ മറ്റൊരു താരം രോഹിത് ശര്‍മ്മയ്‌ക്ക് പകരം ടീമിലെത്തിയ മായങ്ക് അഗര്‍വാളായിരിക്കും പൃഥ്വിയുടെ സഹഓപ്പണര്‍. 

'രോഹിത് ശര്‍മ്മ ഏകദിന പരമ്പരയിലില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. രോഹിത്തുണ്ടാക്കിയ ചലനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഏകദിനത്തില്‍ പൃഥ്വി ഷാ ഉറപ്പായും ഓപ്പണറായെത്തും. കെ എല്‍ രാഹുല്‍ മധ്യനിരയിലാവും കളിക്കുക. രാഹുല്‍ വിക്കറ്റ് കാക്കാനും മധ്യനിരയില്‍ കളിക്കാനുമാണ് ടീം ആഗ്രഹിക്കുന്നത്'- ഹാമില്‍ട്ടണില്‍ നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി കോലി വ്യക്തമാക്കി. 

"ഓസീസിനെതിരായ വിജയം ആത്മവിശ്വാസം നല്‍കുന്നു"

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര വിജയം ആത്മവിശ്വാസം നല്‍കുന്നതായും കോലി പറഞ്ഞു. 'ഓസീസിനെതിരെ കടുപ്പമേറിയ പരമ്പരയാണ് കളിച്ചത്. ആദ്യ മത്സരം തോറ്റിട്ടും ശക്തമായി തിരിച്ചെത്തി പരമ്പര നേടി(2-1). ആ പരമ്പരയില്‍ നിന്ന് വലിയ ആത്മവിശ്വാസം ലഭിച്ചുകഴിഞ്ഞു. പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനാണ് ശ്രമിക്കുക. ടീം പദ്ധതികളില്‍ നമുക്ക് വിശ്വാസമുണ്ടാകണം. 27 വയസാണ് താരങ്ങളുടെ ശരാശരി പ്രായം. ടി20 പരമ്പരയിലേതിനേക്കാള്‍ മികച്ച ഫീല്‍ഡിംഗ് പുറത്തെടുക്കേണ്ടതുണ്ട്' എന്നും കോലി കൂട്ടിച്ചേര്‍ത്തു.  

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യമത്സരം നാളെ ഹാമിൽട്ടണിൽ ഇന്ത്യന്‍ സമയം രാവിലെ 7.30ന് തുടങ്ങും. ട്വന്‍റി 20 പരമ്പരയിലെ അഞ്ച് മത്സരത്തിലും ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. 

ഇന്ത്യ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, നവ്‌ദീപ് സെയ്‌നി, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, പൃഥ്വി ഷാ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍.