വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര ടീം ഇന്ത്യക്ക് അങ്ങനെ തോറ്റുകൊടുക്കാനാവില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡുകളിലൊന്ന് അടിച്ചുറപ്പിക്കാനുള്ള അവസരമാണ് കാത്തിരിക്കുന്നത്. 

ടെസ്റ്റില്‍ ടീം ഇന്ത്യയുടെ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോര്‍ഡ് വിരാട് കോലിക്കും സംഘത്തിനും സ്വന്തമാണ്. തുടര്‍ച്ചയായി ഏഴ് ടെസ്റ്റുകള്‍ വിജയിച്ചു നില്‍ക്കുകയാണ് കോലിപ്പട. എം എസ് ധോണിക്ക് കീഴില്‍ 2013 ഫെബ്രുവരി മുതല്‍ നവംബര്‍ വരെ ആറ് മത്സരങ്ങള്‍ വിജയിച്ചതിന്‍റെ റെക്കോര്‍ഡ് ബംഗ്ലാദേശിനെതിരായ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ജയത്തോടെ കോലി മറികടന്നിരുന്നു. വെല്ലിങ്‌ടണില്‍ വിജയിച്ചാല്‍ കോലിപ്പടയ്‌ക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്താം. 

ടെസ്റ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ടെസ്റ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയം സ്വന്തമാക്കിയ ടീം ഓസ്‌ട്രേലിയയാണ്(16 വിജയങ്ങള്‍). ഇതിഹാസ നായകന്‍മാരായ സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്‍റെയും നായകത്വത്തില്‍ രണ്ട് തവണ ഈ നേട്ടത്തിലെത്താന്‍ ഓസീസിനായി. ഈ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ന്യൂസിലന്‍ഡിലെ ജയങ്ങള്‍ ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്.  

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ന്യൂസിലന്‍ഡ്-ഇന്ത്യ പരമ്പര നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ 360 പോയിന്‍റുമായി ഒന്നാംസ്ഥാനത്താണ് കോലിപ്പട. വെല്ലിംഗ്‌ടണ്‍ ടെസ്റ്റിലും വിജയിച്ചാല്‍ ടീം ഇന്ത്യക്ക് കൂടുതല്‍ ലീഡ് നേടാം.   

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഗ്രാന്‍ഹോം, കെയ്‌ല്‍ ജമൈസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, ബി ജെ വാട്‌ലിങ്