വെല്ലിംഗ്‌ടണ്‍: കരിയറിലെ സ്വപ്‌ന ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് ന്യൂസിലന്‍ഡില്‍ ചരിത്രനേട്ടം. വെല്ലിംഗ്‌ടണില്‍ നാലാം മത്സരത്തോടെ ടി20 കരിയറില്‍ 4000 ക്ലബിലെത്തി രാഹുല്‍. മത്സരത്തില്‍ എട്ട് റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴാണ് രാഹുലിന്‍റെ നേട്ടം. ടി20യില്‍ 4k ക്ലബിലെത്തുന്ന 94-ാം താരമാണ് കെ എല്‍ രാഹുല്‍. 

ടി20യില്‍ രണ്ടായിരത്തിലേറ റണ്‍സ് നേടിയ താരങ്ങളില്‍ ശരാശരിയില്‍ രണ്ടാമതുണ്ട് രാഹുല്‍(42.10). പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ്(42.60) മുന്നില്‍. അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ആറാം സ്ഥാനത്താണ് രാഹുല്‍. വിരാട് കോലി, രോഹിത് ശര്‍മ്മ, എം എസ് ധോണി, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍ എന്നിവരാണ് രാഹുലിന് മുന്നിലുള്ളത്. 

54, 56, 57*, 27, 39 എന്നിങ്ങനെയാണ് കഴിഞ്ഞ് അഞ്ച് ടി20കളില്‍ രാഹുലിന്‍റെ സ്‌കോര്‍. ഇന്ന് 39 റണ്‍സ് നേടിയതോടെ ഈ പരമ്പരയില്‍ ഉയര്‍ന്ന റണ്‍സ് നേടുന്ന താരമായി രാഹുല്‍. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണെയാണ് രാഹുല്‍ മറികടന്നത്. ഈ പരമ്പരയില്‍ 83 ആണ് രാഹുലിന്‍റെ ബാറ്റിംഗ് ശരാശരി, സ്‌ട്രൈക്ക് റേറ്റ് 145 ഉം. 

ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യിലും സൂപ്പര്‍ ഓവറില്‍ ജയിച്ച് ഇന്ത്യ 4-0ന് പരമ്പരയില്‍ മുന്നിലാണ്. ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 14 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു. പവര്‍ പ്ലേയില്‍ കെ എല്‍ രാഹുലാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ആദ്യ പന്ത് സിക്‌സും രണ്ടാം പന്തും ബൗണ്ടറിയും പറത്തിയ രാഹുല്‍ മൂന്നാം പന്തില്‍ പുറത്തായി. നേരത്തെ, ശാര്‍ദുല്‍ ഠാക്കൂറിന്‍റെ അവസാന ഓവറില്‍ നാല് വിക്കറ്റ് വീണതോടെയാണ് മത്സരം നിശ്ചിതസമയത്ത് സമനിലയിലായത്.