ഓക്‌ലന്‍ഡ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ സഹപരിശീലകനെ ഫീല്‍ഡിംഗിനിറക്കി ന്യൂസിലന്‍ഡ്. അസുഖ ബാധിതനായ പേസ് ബൗളര്‍ ടിം സൗത്തി തന്റെ ബൗളിംഗ് ക്വാട്ട പൂര്‍ത്തിയാക്കിയശേഷം ഗ്രൗണ്ട് വിട്ടപ്പോഴാണ് മുന്‍ താരവും സഹപരീശലകനുമായ ലൂക്ക് റോഞ്ചിയെ ന്യൂസിലന്‍ഡ് ഫീല്‍ഡറായി ഇറക്കിയത്. റിസര്‍വ് ബെഞ്ചില്‍ പകരക്കാരനായി ഇറക്കാന്‍ ആളില്ലാത്ത സാഹചര്യത്തിലാണ് സഹപരിശീലകനെ ഫീല്‍ഡിലിറക്കാന്‍ ന്യൂസിലന്‍ഡ് നിര്‍ബന്ധിതരായത്.

അസുഖബാധിതനായിരുന്നെങ്കിലും സൗത്തി ഇന്ന് കളിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. മിച്ചല്‍ സാന്റ്നറും സ്കോട് കുഗ്ലെജനും പനിയും വയറുവേദനയും കാരണം രണ്ടാം മത്സരത്തില്‍ കളിച്ചിരുന്നില്ല. ഇതോടെ ഫൈനല്‍ ഇലവന്‍ തിയ്ക്കാന്‍ ആളില്ലാത്ത അവസ്ഥയിലായി ന്യൂസിലന്‍ഡ്. അങ്ങനെയാണ് പൂര്‍ണ ആരോഗ്യവാനല്ലെങ്കിലും സൗത്തിയെ കളിപ്പിക്കാന്‍ ന്യൂസിലന്‍ഡ് തീരുമാനിച്ചത്.

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ തുടക്കത്തിലെ തന്റെ 10 ഓവര്‍ ബൗളിംഗ് ക്വാട്ട പൂര്‍ത്തിയാക്കിയശേഷം സൗത്തി ഗ്രൗണ്ട് വിട്ടു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ നിര്‍ണായക വിക്കറ്റും ഇതിനിടെ സ്വന്തമാക്കി. സൗത്തി ഗ്രൗണ്ട് വിട്ടതോടെ റിസര്‍വ് ബെഞ്ചില്‍ പകരം ഇറക്കാന്‍ ആളില്ലാതായ കിവീസ് സഹപരിശീലകനായ ലൂക്ക് റോഞ്ചിയെ ഫീല്‍ഡിംഗിന് ഇറക്കുകയായിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്ന റോഞ്ചി(38) 2017ലാണ് അവസാനമായി കിവീസിനായി കളിച്ചത്. ഇപ്പോള്‍ ന്യൂസിലന്‍ഡിന്റെ അസിസ്റ്റന്റ് കോച്ചാണ് റോഞ്ചി. മത്സരത്തില്‍ 22 റണ്‍സിന് ജയിച്ച കിവീസ് ഏകദിന പരമ്പര 2-0ന് സ്വന്തമാക്കുകയും ചെയ്തു.